കഴിഞ്ഞ വർഷം മലയാളത്തിൽ റിലീസ് ചെയ്തു സൂപ്പർ വിജയം നേടിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജ് കോശിയും ബിജു മേനോൻ അയ്യപ്പൻ നായരുമായി തകർപ്പൻ പ്രകടനം കാഴ്ച വെച്ച ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് അന്തരിച്ചു പോയ സംവിധായകൻ സച്ചി ആണ്. ഈ ചിത്രം റിലീസ് ചെയ്തു നാലു മാസങ്ങൾക്കു ശേഷം ആയിരുന്നു സച്ചിയുടെ മരണം. സച്ചിയുടെ മരണം കഴിഞ്ഞു ഒരു വർഷം പിന്നിടുമ്പോൾ സച്ചിയേ കുറിച്ചും ആ ചിത്രത്തെ കുറിച്ചും മനോരമ ന്യൂസിനോട് മനസ്സ് തുറക്കുകയാണ് സച്ചിയുടെ ഭാര്യ സിജി. ഈ ചിത്രം രചിച്ചു കഴിഞ്ഞപ്പോൾ അയ്യപ്പൻ നായർ ആയി മമ്മൂട്ടിയും കോശി ആയി ബിജു മേനോനും ആയിരുന്നു സച്ചിയുടെ മനസ്സിൽ എന്ന് വെളിപ്പെടുത്തുകയാണ് സിജി. അതിനു ശേഷം മമ്മൂട്ടി എന്ന ആ ചിന്ത മാറ്റാൻ ഉണ്ടായ കാരണവും സിജി പറയുന്നു. ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉള്ള സംഘട്ടനം വളരെ റിയലിസ്റ്റിക് ആയ ഒന്നാണെന്നും അതുകൊണ്ട് ഡ്യൂപ് ഇല്ലാതെ തന്നെ അത് ചിത്രീകരിക്കണം എന്ന വാശി സച്ചിക്കു ഉണ്ടായിരുന്നു എന്നും സിജി പറയുന്നു.
അത് കൊണ്ടാണ് മമ്മൂട്ടി എന്ന താരത്തെ കഥയിലേക്ക് പരിഗണിക്കാതെ ഇരുന്നത്. അതിനു ശേഷം ആണ് പൃഥ്വിരാജ്, ബിജു മേനോൻ എന്നിവരിലേക്കു സച്ചി പോയതെന്നും സിജി പറയുന്നു. ഈ തിരക്കഥ വായിച്ചു ഇഷ്ടമുള്ള വേഷം തിരഞ്ഞെടുക്കാൻ പൃഥ്വിരാജ് സുകുമാരനോട് സച്ചി പറഞ്ഞപ്പോൾ പൃഥ്വിരാജ് തിരഞ്ഞെടുത്തത് കോശി എന്ന കഥാപാത്രം ആണെന്നും പൃഥ്വിരാജ് അത് തന്നെ തിരഞ്ഞെടുക്കും എന്ന് സച്ചിക്കു അറിയാമായിരുന്നു എന്നും സിജി വെളിപ്പെടുത്തി. അങ്ങനെ അയ്യപ്പൻ നായർ ആയി ബിജു മേനോൻ എത്തുകയും കോശി ആയി പൃഥ്വിരാജ് സുകുമാരനെ തീരുമാനിക്കുകയും ചെയ്തു. ഇത് കൂടാതെ മമ്മൂട്ടി പ്രൊജക്റ്റ്, മോഹൻലാൽ പ്രൊജക്റ്റ്, അജിത് പ്രൊജക്റ്റ് എന്നിവയും സച്ചിയുടെ വരാനിരിക്കുന്ന പ്ലാനുകൾ ആയിരുന്നു എന്നും സിജി പറഞ്ഞു.