പരമ്പരാഗതമായ മലയാള സിനിമയുടെ ശീലങ്ങളെ തിരുത്തിക്കുറിക്കാൻ ശ്രമിക്കുന്ന ചലച്ചിത്രകാരൻ എന്ന നിലയിൽ ലിജോ ജോസ് പല്ലിശ്ശേരി മലയാള സിനിമ മേഖലയുടെ അഭിവാജ്യ ഘടകമായി മാറി കഴിഞ്ഞിട്ടുണ്ട്. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അവതരണത്തിൽ ശബ്ദരേഖ എന്ന നിലയിൽ മാത്രം പ്രേക്ഷകനുമായി സംവദിക്കുന്ന സിനിമകളിൽ നിന്നും മാജിക്കൽ റിയലിസ്റ്റിക് വിഷ്വൽസ് എന്ന തലത്തിലേക്ക് മലയാള സിനിമയെ കൊണ്ടുപോകുന്നതിൽ വളരെ മികച്ച ശ്രമങ്ങളാണ് ലിജോ ജോസ് പെല്ലിശ്ശേരി നാളിതുവരെയായി കാഴ്ചവച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും തെളിയിക്കുന്നതും അതുതന്നെയാണ്. നായകനിൽ തുടങ്ങി സിറ്റി ഓഫ് ഗോഡ്, ആമേൻ, ഡബിൾ ബാരൽ, അങ്കമാലി ഡയറീസ്, ഇ മ യൗ, ജെല്ലിക്കെട്ട്, ഒടുവിൽ പുറത്തിറങ്ങിയ ചുരുളി തുടങ്ങിയ ചിത്രങ്ങൾ സിനിമയെ ദൃശ്യ ഭാഷ എന്ന നിലയിൽ പ്രേക്ഷകനുമായി ആശയവിനിമയം നടത്തുന്നു. സംവിധായകനെന്ന നിലയിൽ ശ്രദ്ധിക്കപ്പെടുമ്പോൾ ഏതൊരു ചലച്ചിത്രകാരന്റെയും സ്വപ്നം എന്ന നിലയിലും പ്രേക്ഷകരുടെ ആഗ്രഹം എന്ന നിലയിലും ഒരു സൂപ്പർസ്റ്റാർ ചിത്രം എന്നത് പതിവായി ഉയർന്ന കേൾക്കാറുള്ളതാണ്.
റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സൂപ്പർസ്റ്റാർ ചിത്രങ്ങളെക്കുറിച്ചുള്ള തന്റെ നിലപാട് ലിജോ വ്യക്തമാക്കുകയാണ്. പതിവു രീതി, ഒന്നോ രണ്ടോ ചിത്രങ്ങൾ എടുത്തു കഴിഞ്ഞാൽ മമ്മൂട്ടി, മോഹൻലാൽ അല്ലെങ്കിൽ ഏതെങ്കിലും ഒരു സൂപ്പർതാരത്തിന്റെ ഡേറ്റിനായി നടക്കുക എന്നുള്ളതാണ്. താങ്കൾ അത്തരത്തിൽ സൂപ്പർ താരങ്ങളെ വച്ച് സിനിമ ചെയ്യേണ്ട ആലോചനകൾ ഒന്നും വന്നിട്ടില്ലേ ? എന്ന ചോദ്യത്തിന് ലിജോ ജോസ് പല്ലിശ്ശേരിയുടെ മറുപടി ഇങ്ങനെ : സൂപ്പർ താരങ്ങളെ വച്ച് സിനിമ ചെയ്യാനുള്ള ആലോചനകൾ വരാതെയല്ല. ഒരുപക്ഷേ ഞാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമയുടെ കോൺസെപ്റ്റിൽ ആയിരിക്കില്ല അതിന്റെ അസോസിയേഷൻ. അതുകൊണ്ട് അത് നടക്കാതെ പോകുന്നു. ഇതുവരെ അങ്ങനെയൊന്ന് നടന്നിട്ടില്ല. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ചുരുളിയുടെ ആദ്യ പ്രദർശനം നടന്നത് ഐ. എഫ്. എഫ്. കെ. യിൽ ആണ്. വളരെ മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രം മേളയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു.