ഇന്ന് മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം. എൺപത്തിയഞ്ചു കോടി രൂപ മുതൽ മുടക്കി നിർമ്മിച്ച മലയാളത്തിലെ ഈ എക്കാലത്തേയും വലിയ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദർശനാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിൽ സഹനിർമ്മാതാക്കളായി ഡോക്ടർ സി ജെ റോയ്, സന്തോഷ് ടി കുരുവിള എന്നിവരുമുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്കു, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായി കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ് ചെയ്യാനിരുന്നതാണ് മരക്കാർ. ഇന്ത്യ മുഴുവൻ തരംഗമായി മാറിയ ഈ ചിത്രത്തിന്റെ ട്രെയ്ലറും പ്രേക്ഷകന് വലിയ പ്രതീക്ഷ പകർന്നിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി കണക്കു കൂട്ടലുകൾ എല്ലാം തെറ്റിച്ചതോടെ, മരക്കാർ റിലീസ് മാറ്റി വെച്ചു. അറുപതോളം രാജ്യത്തു ഒരേ സമയം റിലീസ് ചെയ്യേണ്ട ചിത്രമായാണ് കൊണ്ട് തന്നെ മരക്കാർ ഇനി എന്ന് റിലീസ് ചെയ്യുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയുമാണ്.
ഇപ്പോഴിതാ മോഹൻലാലിന്റെ പുതിയ ചിത്രമായ ദൃശ്യം 2 പ്രൊമോഷനുമായി ബന്ധപെട്ടു റിപ്പോർട്ടർ ചാനൽ നടത്തിയ ഒരു അഭിമുഖത്തിൽ മരക്കാർ എന്ന് റിലീസ് ചെയ്യുമെന്ന ചോദ്യത്തിന് മോഹൻലാൽ മറുപടി പറഞ്ഞിരിക്കുകയാണ്. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ, ഇൻഷാ അള്ളാ. അതാണ് സത്യം. ഈശ്വരൻ അനുഗ്രഹിക്കട്ടെ. നമ്മുക്ക് പെട്ടെന്ന് എങ്ങനെയാണു പറയുന്നത്. കുഞ്ഞാലി മരക്കാർ എന്ന ചിത്രം കേരളത്തിൽ മാത്രം റിലീസ് ചെയ്താൽ പോരാ. മിഡിൽ ഈസ്റ്റിൽ റിലീസ് ചെയ്യണം, അമേരിക്കയിൽ റിലീസ് ചെയ്യണം യൂറോപ്പിൽ റിലീസ് ചെയ്യണം, ഓൾ ഓവർ ദി വേൾഡ്. സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ സ്ഥലത്തൊക്കെ. അത്രയും ഭാഷകളിൽ. മലയാളം, തെലുങ്കു, കന്നഡ, തമിഴ്, ഹിന്ദി, ഇത്രയും ഭാഷയുണ്ട്. ഞങ്ങള് വളരെ ആകാഷയോടെ കാത്തിരിക്കുകയാണ്. ഇത്രയും നാളായി. ഏതാണ്ട് ഒരു വർഷത്തിൽ കൂടുതലായി. പക്ഷെ നമ്മളേക്കാൾ വലിയ സങ്കടങ്ങൾ ഉള്ള ആൾക്കാരെ പറ്റി ചിന്തിക്കുമ്പോൾ ഇത് നിസ്സാരമാണ്. എളുപ്പം എല്ലാം മാറട്ടെ. ഒരു ദിവസം കൊണ്ട് വേണമെങ്കിൽ എല്ലാം മാറാൻ സാധിക്കും. അങ്ങനെയൊരു ശക്തി നമ്മുക്കുണ്ടാകട്ടെ. അല്ലെങ്കിൽ അങ്ങനെയൊരു ശക്തിയുടെ ശക്തി കാണിക്കട്ടെ. ഏതായാലും റംസാൻ അല്ലെങ്കിൽ ഓണം റിലീസ് ആയി മരക്കാർ എത്തുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.
ഫോട്ടോ കടപ്പാട്: Bennet M Varghese