സംവിധായകനും രചയിതാവുമായ രഞ്ജിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് മമ്മൂട്ടിയെ നായകനാക്കി 2010 ഇൽ അദ്ദേഹം ഒരുക്കിയ പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് പ്രാഞ്ചിയേട്ടൻ ആയുള്ള അദ്ദേഹത്തിന്റെ കിടിലൻ പെർഫോമൻസിനെ ഏവരും വിലയിരുത്തുന്നത്. അദ്ദേഹം ചിത്രത്തിൽ ഉപയോഗിച്ച തൃശൂർ സ്ലാങിനും വലിയ പ്രശംസ ലഭിച്ചു. എന്നാൽ പ്രാഞ്ചിയേട്ടൻ ഷൂട്ടിംഗ് തുടങ്ങുമ്പോൾ തൃശൂർ സ്ലാങ് സംസാരിക്കുന്നതിനെ കുറിച്ച് വലിയ ടെൻഷനിൽ ആയിരുന്നു മമ്മൂട്ടി എന്നാണ് രഞ്ജിത് പറയുന്നത്. ആ സ്ലാങ് പഠിപ്പിക്കാൻ ഒരാളെ മമ്മുക്ക ഏർപ്പാടാക്കുകയും ചെയ്തു. പക്ഷെ മിമിക്രി പോലെ പഠിക്കേണ്ട ഒന്നല്ലലോ സ്ലാങ് എന്നത് കൊണ്ട് താൻ അയാളെ സെറ്റിൽ നിന്നു പറഞ്ഞു വിട്ടു എന്ന് പറയുന്നു രഞ്ജിത്. തനിക്കു ചുറ്റും അഭിനയിക്കുന്ന ടിനി ടോം, ഇന്നസെന്റ്, രാമു തുടങ്ങിയ എല്ലാവരും തൃശൂർക്കാരാണ് എന്നതും മമ്മുക്കയുടെ ടെന്ഷന് കാരണമായി.
പക്ഷെ നമ്മുക്ക് എല്ലാം ഡബ്ബിങ്ങിൽ ശെരിയാക്കാം എന്നാണ് രഞ്ജിത് മമ്മൂട്ടിയോട് പറഞ്ഞത്. അങ്ങനെ പ്രാഞ്ചിയേട്ടൻറെ തൃശൂർ സ്ലാങ് കറക്റ്റ് ചെയ്തത് ഡബ്ബിങ്ങിൽ ആണ്. പന്ത്രണ്ടു ദിവസം എടുത്തു മമ്മുക്ക ഈ ചിത്രം ഡബ്ബ് ചെയ്യാൻ എന്നും രഞ്ജിത് പറയുന്നു. പ്രാഞ്ചിയേട്ടൻ ആയി മമ്മുക്ക അല്ലാതെ വേറെ ഒരാളെ സങ്കല്പിച്ചിട്ടില്ല എന്നും നമ്മൾ ചാർത്തി കൊടുക്കുന്ന ഇമേജുകളെ പൊളിച്ചു അഭിനയിക്കാൻ ഉള്ള സിദ്ധി അദ്ദേഹത്തിനുണ്ട് എന്നും രഞ്ജിത് പറഞ്ഞു. പച്ച മനുഷ്യൻ ആയി ഒട്ടും കോൺഷ്യസ് അല്ലാതെ അഭിനയിക്കാനുള്ള സിദ്ധിയും മമ്മുക്കക്ക് ഉണ്ട് എന്നും ഒരു ദേശത്തിന്റേതായ സ്ലാങ് ഉപയോഗിക്കാനും അതിന്റെ പൂർണ്ണതക്കായി കഠിന പ്രയത്നം ചെയ്യാനും മമ്മുക്ക തയ്യാറാണ് എന്നും രഞ്ജിത് എടുത്തു പറയുന്നു.