മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് 2022 നല്ലൊരു വർഷമായിരുന്നു. അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം, നിസാം ബഷീർ ഒരുക്കിയ റോഷാക്ക് എന്നിവയിലൂടെ മികച്ച ബോക്സ് ഓഫിസ് വിജയങ്ങൾ നേടിയ അദ്ദേഹം, ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കം ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ നടനെന്ന നിലയിലും അഭിനന്ദനം നേടിയിരുന്നു. എന്നാൽ ഇത്തരം നല്ല ചിത്രങ്ങൾ വരുമ്പോൾ അതിൽ മമ്മൂട്ടിയെ മാത്രം അഭിനന്ദിക്കുന്നത് ശരിയല്ല എന്ന് പറയുകയാണ് നടൻ സിദ്ദിഖ്. മൂവി മാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വിശദീകരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ കഥയുണ്ടാക്കി കൊണ്ട് മമ്മൂട്ടിയുടെ അടുത്ത് പോയത് കൊണ്ട് മാത്രമാണ് മമ്മൂട്ടിക്ക് ആ കഥാപാത്രം ചെയ്യാന്‍ സാധിച്ചതെന്നും, അല്ലാതെ മമ്മൂട്ടി നന്‍പകല്‍ നേരത്ത് മയക്കം ഉണ്ടാക്കിയിട്ട് ലിജോ ജോസ് പെല്ലിശ്ശേരിയെ വിളിക്കുകയല്ല ചെയ്തത് എന്നും സിദ്ദിഖ് പറയുന്നു.
ഭീഷ്മ പർവ്വം, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകളുടെ പേരിൽ മമ്മുക്കയെ അഭിനന്ദിക്കുമ്പോൾ അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ ആളുകൾ മറന്നു പോകുന്നതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും സിദ്ദിക്ക് പറയുന്നു. മമ്മൂട്ടിയെ തേടി അത്തരം കഥാപാത്രങ്ങൾ വരുന്നത് കൊണ്ടാണ് അദ്ദേഹത്തിന് അത് ചെയ്യാൻ സാധിക്കുന്നതെന്നും സിദ്ദിഖ് പറയുന്നു. അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ തീരുമാനിക്കുന്നതിനും അത് നിർമ്മിക്കുന്നതിനും അദ്ദേഹം അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. എന്നാൽ അത്തരം കഥാപാത്രങ്ങൾ മമ്മുക്കയെ കൊണ്ട് ഉണ്ടാക്കാൻ കഴിയില്ല എന്നും, അതുപോലെയുള്ള മികച്ച കഥാപാത്രങ്ങൾ വേറെ ഒരാൾ ഉണ്ടാക്കി കൊണ്ടുവന്നിട്ട് അദ്ദേഹത്തെ കൊണ്ട് ചെയ്യിക്കുന്നതാണ് എന്നത് മനസ്സിലാക്കണമെന്നും സിദ്ദിഖ് വിശദീകരിക്കുന്നു.