ദൃശ്യം 2 നിർമ്മാതാക്കളുടെ തീരുമാനത്തിന് എതിരല്ല, പക്ഷെ ദിവസ വേതനക്കാരെ കുറിച്ച് ചിന്തിക്കണം: ജീത്തു ജോസഫ്..!

Advertisement

മലയാളത്തിൽ ഇനിയൊരറിയിപ്പു ഉണ്ടാകുന്നതു വരെ പുതിയ ചിത്രങ്ങളുടെ നിർമ്മാണം തുടങ്ങരുതെന്ന തീരുമാനം നിർമ്മാതാക്കളുടെ സംഘടന എടുത്തിരുന്നു. നേരത്തെ പാതി വഴിയിൽ നിലച്ച ചിത്രങ്ങളുടെയെല്ലാം ജോലികൾ പൂർത്തിയായതിനു ശേഷവും, അതുപോലെ ജോലികൾ തീർന്നു റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങൾ ഇനിയെന്ന് റിലീസ് ചെയ്യാനാവുമെന്നു വ്യക്തത വന്നതിനും ശേഷമേ പുതിയ ചിത്രങ്ങൾ ആരംഭിക്കാവു എന്നാണ് നിർമ്മാതാക്കൾ, വിതരണക്കാർ, തീയേറ്റർ അസോസിയേഷൻ, ഫിലിം ചേംബർ എന്നിവരെടുത്ത തീരുമാനം. എന്നാൽ അതിനെ എതിർത്ത് കൊണ്ട് തങ്ങളുടെ പുതിയ ചിത്രങ്ങൾ ജൂലൈ മാസത്തിൽ തന്നെ ആരംഭിക്കുമെന്ന് സംവിധായകരായ ആഷിക് അബു, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷം മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ഓഗസ്റ്റ് പതിനേഴിന് ആരംഭിക്കുമെന്ന് കൂടെ റിപ്പോർട്ടുകൾ വന്നപ്പോൾ, മോഹൻലാൽ കൂടെ മുന്നിലെത്തിയതോടെ നിർമ്മാതാക്കളുടെ തീരുമാനത്തിന് തിരിച്ചടിയായി എന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ തങ്ങൾ നിർമ്മാതാക്കളുടെ തീരുമാനത്തിന് എതിരല്ല എന്ന് വെളിപ്പെടുത്തി മുന്നോട്ടു വന്നിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.

സർക്കാർ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് ഓഗസ്റ്റ് പതിനേഴിന് തന്നെ ദൃശ്യം 2 തുടങ്ങുന്ന കാര്യമാണ് ആലോചിക്കുന്നതെന്നും സ്ഥിതിഗതികൾ അപ്പോഴേക്കും കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജീത്തു പറയുന്നു. തങ്ങൾ നിർമ്മാതാക്കൾക്ക് എതിരല്ല എന്നും ഈ ചിത്രത്തിലെ എല്ലാ പ്രധാന പ്രവർത്തകരും പ്രതിഫലം കുറച്ചു ജോലി ചെയ്തു കൊണ്ട്, നിർമ്മാതാക്കൾ പറഞ്ഞതിന് അനുസരിച്ചു തന്നെയാണ് ദൃശ്യം 2 പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറയുന്നു. പുതിയ സിനിമകളുടെ ഷൂട്ടിങ് പാടില്ലെന്ന് പറയുന്ന നിർമാതാക്കള്‍ സിനിമയിലെ ദിവസവേതനക്കാരുടെ അവസ്ഥയെ കുറിച്ച് കൂടി ചിന്തിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ നടന്മാരുടെ കയ്യിൽ പണമുണ്ടാകാമെന്നും എന്നാൽ സിനിമയിലെ ദിവസവേതനക്കാരുടെ സ്ഥിതി മറിച്ചാണ് എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. കോവിഡ് കാലമുണ്ടാക്കിയ പ്രതിസന്ധി മറികടക്കണമെങ്കിൽ ദൃശ്യം 2 പോലെയുള്ള ചിത്രങ്ങൾ തീയേറ്ററിൽ വന്നേ പറ്റുവെന്നാണ് നേരത്തെ സംവിധായകരായ വിനീത് ശ്രീനിവാസൻ, ആഷിക് അബു എന്നിവരും അഭിപ്രായപ്പെട്ടത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close