മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ജോഡികളിൽ ഒന്നാണ് മോഹൻലാൽ- പ്രിയദർശൻ ടീം. ഇതിനോടകം 94 ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രിയദർശൻ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മരക്കാരിന്റെ റിലീസിനായി കാത്തിരിക്കുകയാണിപ്പോൾ. അതുപോലെ ഹംഗാമ 2 എന്ന ചിത്രവും ഒരുക്കുന്ന അദ്ദേഹം താൻ ഏറെ ഇഷ്ട്ടപെടുന്ന പുതിയ തലമുറയിലെ നടന്മാരെ കുറിച്ചും സംസാരിക്കുന്നു. മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും സ്വാഭാവികമായി അഭിനയിക്കുന്ന നടനായി തനിക്കു തോന്നിയത് ഫഹദ് ഫാസിലിനെ ആണെന്നും അതുപോലെ പൃഥ്വിരാജ് സുകുമാരനും ശക്തമായ അഭിനയ മുഹൂർത്തങ്ങൾ കാഴ്ച വെക്കുന്ന നടനാണെന്നും അദ്ദേഹം പറയുന്നു. ഇവരോടൊപ്പം ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന തന്റെ ആദ്യ ചോയ്സ് എന്നും മോഹൻലാൽ ആണെന്നും അതിനു കാരണം അദ്ദേഹവുമായി തനിക്കു വളരെ എളുപ്പത്തിൽ തന്റെ ആശയങ്ങൾ സംവദിക്കാൻ സാധിക്കുന്നതാണെന്നും പ്രിയൻ പറഞ്ഞു.
പുതിയ തലമുറയിലെ നടൻമാർ ചിന്തിക്കുന്ന രീതിയിൽ തനിക്കു ചിന്തിക്കാൻ പറ്റുന്നില്ലെന്നും അതുകൊണ്ടു തന്നെ അവരെ ഒരു കഥ പറഞ്ഞു ബോധ്യപ്പെടുത്താൻ തനിക്കാവില്ലയെന്നും പ്രിയദർശൻ വിശദീകരിക്കുന്നു. മോഹൻലാൽ കഴിഞ്ഞാൽ തനിക്കു ജോലി ചെയ്യാൻ വളരെയെളുപ്പമുള്ള ഒരു നടൻ ബോളിവുഡ് താരം അക്ഷയ് കുമാറാണെന്നും പറഞ്ഞ പ്രിയദർശൻ ഇപ്പോൾ താൻ അക്ഷയ് കുമാറിന് വേണ്ടി ഒരു തിരക്കഥ ഒരുക്കുകയാണെന്നും ദി ന്യൂസ് മിനിട്ടിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. തന്റെ ബില്ലു ബാർബറിലെ നായകനായ ഇർഫാൻ ഖാനുമായി വളരെ അടുപ്പമുണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ മരണം വലിയ ഞെട്ടലാണ് ഉണ്ടാക്കിയതെന്നും പ്രിയദർശൻ പറയുന്നു. നാല് മാസം മുൻപ് വിളിച്ചപ്പോഴും അദ്ദേഹം ഏറെ സന്തോഷവാനായിരുന്നുവെന്നും ഒരുമിച്ചു ഒരു കോമഡി ചിത്രം ചെയ്യണമെന്ന ആഗ്രഹം അദ്ദേഹം പങ്കു വെച്ചതായും പ്രിയദർശൻ പറഞ്ഞു.