കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായിരുന്നു ലൂസിഫർ. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ആ ചിത്രം രചിച്ചത് മുരളി ഗോപിയും നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരുമാണ്. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വില്ലൻ വേഷത്തിലെത്തിയ ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത് മഞ്ജു വാര്യരാണ്. ഇതിലെ സ്റ്റീഫൻ നെടുമ്പള്ളിയായി ഗംഭീര പ്രകടനം കാഴ്ച വെച്ച മോഹൻലാലിനും ബോബിയായി അഭിനയിച്ച വിവേക് ഒബ്രോയ്ക്കും മികച്ച നടനും വില്ലനുമുള്ള ഒന്നിലധികം അവാർഡുകളാണ് ഇതിനോടകം കിട്ടിയത്. അതിലൊന്നായ വനിതാ അവാർഡ് സ്വീകരിച്ചു കൊണ്ട് വിവേക് ഒബ്‌റോയ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
പതിനേഴു വർഷം മുൻപ് മോഹൻലാൽ- അജയ് ദേവ്ഗൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ കമ്പനി എന്ന റാം ഗോപാൽ വർമ്മയുടെ ഹിന്ദി ചിത്രത്തിലൂടെയാണ് വിവേക് ഒബ്‌റോയ് അരങ്ങേറ്റം കുറിച്ചത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ കയ്യടി നൽകിയ ആ ചിത്രത്തിലെ പ്രകടനം മോഹൻലാലിന് ഐഫ അവാർഡടക്കം നേടിക്കൊടുത്തിരുന്നു. ഇപ്പോഴിതാ മോഹൻലാലിനൊപ്പം തന്നെയഭിനയിച്ചു കൊണ്ട് മലയാളത്തിൽ അരങ്ങേറിയത് തന്റെ ഭാഗ്യമാണെന്നും കമ്പനി എന്ന ചിത്രത്തിൽ ഹിന്ദി പറയാൻ ലാലേട്ടൻ ഉപയോഗിച്ച ടെക്നിക്കാണ് ലുസിഫെറിൽ മലയാളം പറയാൻ തന്നെ സഹായിച്ചതെന്നാണ് വിവേക് ഒബ്‌റോയ് പറയുന്നത്. ഫ്രേമിൽ നിന്നും മാറി ഹിന്ദി ഡയലോഗുകൾ മലയാളത്തിലെഴുതി വെച്ചാണ് മോഹൻലാൽ അഭിനയിച്ചതെന്നും, എന്നാൽ അത് വായിച്ചു കൊണ്ട് തന്നെ വളരെ അനായാസമായി ഡയലോഗുകൾ പറഞ്ഞു ഗംഭീരമായി അഭിനയിച്ച മോഹൻലാൽ തന്നെ അത്ഭുതപ്പെടുത്തി എന്നുമാണ് വിവേക് പറയുന്നത്. ലുസിഫെറിൽ പൃഥ്വിരാജ് സുകുമാരനെ കൊണ്ട് മലയാളം മംഗ്ലീഷിൽ എഴുതി ഫ്രേമിൽ വരാതെ വെച്ചാണ് താനും ഡയലോഗ് പറഞ്ഞതെന്നും വിവേക് പറയുന്നു.