യുവ താരം ദുൽഖർ സൽമാന്റേതായി ഏകദേശം ഒരു വർഷത്തോളമായി മലയാളത്തിൽ ഒരു ചിത്രം വന്നിട്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ റിലീസ് ചെയ്ത സോളോ എന്ന ദ്വിഭാഷാ ചിത്രം കഴിഞ്ഞാൽ ദുൽഖർ സൽമാൻ അഭിനയിച്ച മലയാള ചിത്രങ്ങൾ ഒന്നും റിലീസ് ചെയ്തിട്ടില്ല. ഇതിനിടക്ക് മഹാനടി എന്ന തെലുങ്കു ചിത്രവും കാർവാൻ എന്ന ഹിന്ദി ചിത്രവും ദുല്കറിന്റേതായി റിലീസ് ചെയ്തു. കണ്ണും കണ്ണും കൊള്ളയ് അടിത്താൽ, വാൻ, സോയ ഫാക്ടർ എന്നീ അന്യഭാഷാ ചിത്രങ്ങൾ ആണ് ഈ സമയത്തു ദുൽകർ പ്രധാനമായും ചെയ്തത്. അതിനൊപ്പം തന്നെ ദുൽകർ മലയാളത്തിൽ ചെയ്ത ഏക ചിത്രമാണ് നവാഗതനായ നൗഫൽ സംവിധാനം ചെയ്യുന്ന ഒരു യമണ്ടൻ പ്രേമകഥ.
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നിവക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം തിരക്കഥ രചിച്ച ഈ ചിത്രത്തിലേക്ക് ദുൽഖർ വന്നതെങ്ങനെയെന്നു ഇപ്പോൾ വിഷ്ണു ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തുകയാണ്. തങ്ങൾ ഈ കഥ ദുൽഖറിനോട് പറഞ്ഞപ്പോൾ അദ്ദേഹം അതാസ്വദിച്ചു ഒരുപാട് ചിരിച്ചു. അപ്പോൾ ഈ ചിത്രം അദ്ദേഹം ഉടൻ ചെയ്യാൻ തീരുമാനിക്കും എന്നാണ് തങ്ങൾ പ്രതീക്ഷിച്ചതു എന്ന് വിഷ്ണു പറയുന്നു. എന്നാൽ താൻ ശെരിക്കു ഒന്ന് ആലോചിക്കട്ടെ എന്ന മറുപടിയാണ് ദുൽഖറിൽ നിന്ന് കിട്ടിയത്. തനിക്കു ഈ കഥാപാത്രം ചെയ്തു ഫലിപ്പിക്കാൻ പറ്റുമോ എന്ന സംശയമായിരുന്നു ദുൽഖറിനെ കൊണ്ട് അത് പറയിച്ചതു. പിന്നീട് അദ്ദേഹം ഈ ചിത്രം ചെയ്യാൻ തീരുമാനിക്കുകയും ഇതിലെ കട്ട ലോക്കൽ ആയ കഥാപാത്രത്തെ ഗംഭീരമായ രീതിയിൽ തന്നെ അവതരിപ്പിക്കുകയും ചെയ്തു എന്നും വിഷ്ണു പറഞ്ഞു. അടുത്ത വർഷം ഏപ്രിൽ മാസത്തിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യുക.