അമർ അക്ബർ അന്തോണി എന്ന നാദിർഷ ചിത്രത്തിന് തിരക്കഥയൊരുക്കി മലയാള സിനിമയിലെത്തിയ ഇരട്ട തിരക്കഥാകൃത്തുക്കളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം. അതിനു ശേഷം കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങളും ഇവർ രചിച്ചു. ഇത് കൂടാതെ അഭിനേതാക്കൾ എന്ന നിലയിലും ഇവർ നായകരായും അല്ലാതെയും ചിത്രങ്ങൾ പുറത്തു വരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ബാലതാരമായി സിനിമയിൽ വന്ന വിഷ്ണു ഉണ്ണികൃഷ്ണൻ പിന്നീട് കട്ടപ്പനയിലെ ഹൃതിക് റോഷനിലെ നായക വേഷത്തിൽ എത്തി വമ്പൻ വിജയം നേടിയെടുത്തു. ശേഷം ശിക്കാരി ശംഭു, വികട കുമാരൻ, നിത്യഹരിത നായകൻ, നീയും ഞാനും, ഒരു യമണ്ടൻ പ്രേമകഥ, ചിൽഡ്രൻസ് പാർക്ക്, ബിഗ് ബ്രദർ എന്നീ ചിത്രങ്ങളിലും വിഷ്ണു അഭിനയിച്ചു. ബിബിൻ ആവട്ടെ ഒരു പഴയ ബോംബ് കഥ, മാർഗം കളി എന്നീ ചിത്രങ്ങളിലെ നായക വേഷങ്ങളോടൊപ്പം റോൾ മോഡൽസ്, ഒരു യമണ്ടൻ പ്രേമകഥ, ഷൈലോക്ക്, വെൽക്കം റ്റു സെൻട്രൽ ജയിൽ തുടങ്ങിയ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഇവർ രചിച്ച മൂന്നാമത്തെ ചിത്രമായ ഒരു യമണ്ടൻ പ്രേമകഥയിൽ ദുൽഖർ സൽമാൻ ആയിരുന്നു നായകൻ. ഈ ചിത്രത്തിന്റെ കഥ പറയാനായി ദുൽഖറിനെ കാണാൻ പോയപ്പോൾ ദുൽഖറിന്റെ അച്ഛനും സൂപ്പർ താരവുമായ മമ്മൂട്ടിയെ കണ്ട അനുഭവം പങ്കു വെക്കുകയാണ് ഇവരിപ്പോൾ.
ഈ ചിത്രത്തിന്റെ കഥ മമ്മൂട്ടിയോടും പറഞ്ഞിരുന്നു എന്നും ടെൻഷൻ കാരണം തനിക്കു കഥ അദ്ദേഹത്തോട് പറയാൻ സാധിച്ചില്ല എന്നും ബിബിൻ പറയുന്നു. മമ്മൂട്ടിയോടും ദുൽഖറിനോടും കഥ മുഴുവൻ പറഞ്ഞു തീർത്തത് വിഷ്ണു ആണെന്നും ബിബിൻ പറഞ്ഞു. ഒരുപാട് സമയമെടുത്ത് എഴുതിത്തീർത്ത തിരക്കഥ ആയതു കൊണ്ട് തന്നെ അതിന്റെ എല്ലാ വിശദാംശകളും കാണാപാഠം ആയിരുന്നു എന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തോട് അത് നന്നായി തന്നെ പറഞ്ഞു തീർക്കാൻ സാധിച്ചുവെന്നുമാണ് വിഷ്ണു വെളിപ്പെടുത്തിയത്. മമ്മുക്ക പെട്ടെന്ന് സൗഹൃദം ആവുന്ന ആളൊന്നുമല്ലെങ്കിലും വളരെ പാവം മനുഷ്യനാണ് എന്നും ദേഷ്യപ്പെടുമ്പോൾ തന്നെ നമ്മളെ സഹായിക്കാനുള്ള മനസ്സുമുണ്ടെന്നും വിഷ്ണു വിശദീകരിച്ചു. കഥ പറയുമ്പോൾ വലിയ താല്പര്യം ഒന്നും അദ്ദേഹത്തിന്റെ മുഖത്ത് കണ്ടില്ലെങ്കിലും അദ്ദേഹം എല്ലാം ശ്രദ്ധിക്കുന്നുണ്ടാവുമെന്നും പിന്നീട് കഥ പറഞ്ഞു കഴിഞ്ഞു അതിൽ അദ്ദേഹത്തിന് ഇഷ്ട്ടപെട്ട സംഭവങ്ങൾ നമ്മളോട് തിരിച്ചു പറയുമ്പോൾ നമ്മുക്ക് വലിയ സന്തോഷവും ആത്മവിശ്വാസവുമാണ് ലഭിക്കുന്നതെന്നും വിഷ്ണു വെളിപ്പെടുത്തുന്നു.