ലൂസിഫർ എന്ന മോഹൻലാൽ ചിത്രം മലയാള സിനിമയിലെ സകലമാന കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് മുന്നേറുമ്പോൾ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടില്ലാത്ത ഒരു നടനും സന്തോഷത്തിലാണ്. പ്രശസ്ത നടനും നർത്തകനുമായ വിനീത് ആണത്. ലൂസിഫറിൽ അഭിനയിച്ചിട്ടില്ല എങ്കിലും ഈ ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം തന്നെയായി മാറി വിനീത്. ലുസിഫെറിലെ കിടിലൻ വില്ലൻ ആയി എത്തിയ ബോളിവുഡ് താരം വിവേക് ഒബ്‌റോയ്‌ക്ക് ശബ്ദം നൽകിയത് വിനീത് ആണ്. വിവേക് ഒബ്‌റോയ്‌ക്ക് വേണ്ടി അത്ര ഗംഭീരമായാണ് വിനീത് ശബ്ദം നൽകിയത്. ഒരു നിമിഷം പോലും കല്ലുകടിയാവാത്ത രീതിയിൽ ശെരിക്കും വിവേക് ഒബ്‌റോയ് തന്നെ പറയുന്നത് പോലെ വിനീത് വോയ്‌സ് മോഡുലേഷൻ നൽകുകയായിരുന്നു. ബോബി എന്ന വില്ലൻ പ്രേക്ഷകരെ ഞെട്ടിച്ചപ്പോൾ വിവേക് ഒബ്‌റോയിയുടെ ഗംഭീര പ്രകടനത്തിന് തുല്യമായ കയ്യടി തന്നെ വിനീതിന്റെ ഡബ്ബിങ്ങിനും പ്രേക്ഷകർ നൽകുകയാണ്.
തനിക്കു ലഭിക്കുന്ന എല്ലാ അഭിനന്ദനങ്ങൾക്കും നന്ദി പറഞ്ഞ വിനീത് ഇത്ര വലിയ ഒരു സിനിമയുടെ ഭാഗം ആവാൻ കഴിഞ്ഞതിലും ആ ചിത്രം ഐതിഹാസിക വിജയം നേടുന്നതിലുമുള്ള സന്തോഷവും പങ്കു വെച്ചു. പൃഥ്വിരാജ് എന്ന സംവിധായകന്റെ മികവ് തന്നെയാണ് തനിക്കും ഈ ഡബ്ബിങ്ങിൽ തുണ ആയതെന്നു വിനീത് പറയുന്നു. അത് കൊണ്ട് തന്നെ തന്റെ ഡബ്ബിങ് നന്നായി വന്നതിന്റെ ക്രെഡിറ്റ് പൃഥ്വിരാജ് സുകുമാരൻ എന്ന സംവിധായകന് കൂടി അവകാശപ്പെട്ടത് ആണെന്നും വിനീത് പറഞ്ഞു. വിവേക് ഒബ്‌റോയിയുടെ ഡയലോഗുകൾ പൃഥ്‌വി ആദ്യമേ ഡബ്ബ് ചെയ്തു റെക്കോർഡ് ചെയ്തു അതാണ് വിനീതിന് റെഫെറെൻസ് ആയി നൽകിയത്. ഈ ചിത്രത്തിനായുള്ള പൃഥ്‌വിരാജിന്റെ മുന്നൊരുക്കം തന്നെ ഞെട്ടിച്ചു കളഞ്ഞു എന്നും വിനീത് പറയുന്നു. വിവേക് ഒബ്‌റോയ് ഏറ്റവും മികച്ച രീതിയിൽ ഭാഷ പഠിച്ചു ഡയലോഗുകൾ പറഞ്ഞത് കൊണ്ടാണ് തനിക്കും അത് നന്നായി ഡബ്ബ് ചെയ്യാൻ സാധിച്ചത് എന്നും വിനീത് വിശദീകരിച്ചു.