നൂറാം ചിത്രവുമായി ഹരം പകരാൻ പ്രിയദർശൻ; മോഹൻലാൽ ചിത്രത്തിന് തിരക്കഥയൊരുക്കാൻ വിനീത് ശ്രീനിവാസൻ.

Advertisement

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ പ്രിയദർശൻ 100 ചിത്രങ്ങളെന്ന അപൂർവ നേട്ടത്തിലേക്ക് അടുക്കുകയാണ്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ വിരലിലെണ്ണാവുന്ന സംവിധായകർ മാത്രം കൈവരിച്ച നേട്ടമാണ് പ്രിയദർശനെ തേടിയെത്തുന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകളനുസരിച്ച് മോഹൻലാലിനെ നായകനാക്കിയാണ് പ്രിയദർശൻ തന്റെ നൂറാം ചിത്രമൊരുക്കുന്നത്. ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ആദ്യമായാണ് മോഹൻലാൽ- പ്രിയദർശൻ- വിനീത് ശ്രീനിവാസൻ ടീം ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. വിനീത് ശ്രീനിവാസന്റെ അച്ഛനായ ശ്രീനിവാസനൊപ്പം മോഹൻലാൽ- പ്രിയദർശൻ ടീമൊന്നിച്ച ഒട്ടേറെ ക്ലാസിക് സൂപ്പർ ഹിറ്റുകൾ മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ ഇന്നും തിളങ്ങി നിൽക്കുമ്പോഴാണ് ഈ പുത്തൻ കൂട്ടുകെട്ട് ഒന്നിക്കുന്നത്.

ഹരം എന്നാണ് പ്രിയദർശന്റെ നൂറാം ചിത്രത്തിന് നൽകിയിരിക്കുന്ന പേരെന്നാണ് സൂചന. അടുത്ത വർഷം ചിത്രീകരണം പ്ലാൻ ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ഇപ്പോൾ പ്രണവ് മോഹൻലാൽ നായകനായ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് വിനീത് ശ്രീനിവാസൻ. അതിന് ശേഷം ഈ മോഹൻലാൽ- പ്രിയദർശൻ ചിത്രത്തിന്റെ ജോലികളിലേക്ക് വിനീത് കടക്കുമെന്നാണ് വാർത്തകൾ വരുന്നത്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹൻലാൽ- പ്രിയദർശൻ ടീം. ചിത്രം, കിലുക്കം, ചന്ദ്രലേഖ എന്നീ മൂന്ന് ഇൻഡസ്ട്രി ഹിറ്റ് ചിത്രങ്ങളും സമ്മാനിച്ച ഈ ടീമിൽ നിന്ന് ലഭിച്ച ചിത്രങ്ങളിലേറെയും ഇന്ന് മലയാള സിനിമയിലെ ക്ലാസ്സിക്കുകളായാണ് വിലയിരുത്തപ്പെടുന്നത്. പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശന്റെ അവസാന റിലീസ് ഷെയ്ൻ നിഗം നായകനായ കൊറോണ പേപ്പേഴ്സ് ആയിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close