നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ പങ്കുവെച്ച തമിഴ് നാട്ടിലെ ഒരു അപൂർവ തിയേറ്റർ അനുഭവത്തെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ ഏറെ ശ്രദ്ധ നേടിയെടുക്കുകയാണ്. വെല്ലൂരിനടുത്തുള്ള പൂട്ടുതക്ക് ഗ്രാമത്തിൽ ഉള്ള ഗണേഷ് തിരൈഅരങ്ങം എന്ന ഒരു തിയേറ്ററിൽ സിനിമ കണ്ട അനുഭവം ആണ് വിനീത് ശ്രീനിവാസൻ പങ്കു വെക്കുന്നത്. മനസ്സ് നിറക്കുന്ന ഒരു അപൂർവ അനുഭവമായിരുന്നു ആ തിയേറ്ററിൽ സിനിമ കണ്ടപ്പോൾ തനിക്കു ലഭിച്ചത് എന്ന് പറയുന്നു വിനീത് ശ്രീനിവാസൻ. വിനീതും ഗായകൻ സച്ചിൻ വാര്യരും കൂടി നടത്തിയ ഒരു റോഡ് ട്രിപ്പിന്റെ ഭാഗമായി അവർ കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് മേൽപ്പറഞ്ഞ ഗ്രാമത്തിൽ എത്തുന്നത്.
ഒരു ടിക്കറ്റിനു വെറും ഇരുപത്തിയഞ്ചു രൂപയാണ് ആ തിയേറ്ററിൽ ഈടാക്കുന്നത്. തീയേറ്ററിന് ഉള്ളിൽ കയറിയാൽ നമുക്ക് നിലത്തു കിടന്നു കൊണ്ട് സിനിമ കാണാൻ ഉള്ള സൗകര്യം ആണ് ലഭിക്കുന്നത്. അതോടൊപ്പം ഡി ടി എസ് ശബ്ദ സംവിധാനവും ക്യുബ് പ്രൊജക്ഷനും ഉണ്ട് എന്നതും ഞെട്ടിക്കുന്ന കാര്യമാണ്. ഒരു കമ്പ്ലീറ്റ് തിയേറ്റർ എക്സ്പീരിയൻസ് ആണ് വളരെ അപൂർവമായ ഒരു രീതിയിൽ നമുക്ക് ലഭിക്കുന്നത് എന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. തിയേറ്ററിന്റെ ഉടമസ്ഥനെ തങ്ങൾക്കു കാണാൻ സാധിച്ചു എന്നും അദ്ദേഹം പറയുന്നത്, തന്റെ നാട്ടിലെ ജനങ്ങൾക്കു സന്തോഷം നൽകുക എന്ന ഒറ്റ ആഗ്രഹം കൊണ്ടാണ് ഇത്ര കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ഈ തിയേറ്ററിൽ അവർക്കു വേണ്ടി സിനിമ പ്രദർശിപ്പിക്കുന്നത് എന്നുമാണ്. ഗണേഷ് എന്ന് പേരുള്ള അദ്ദേഹത്തിന്റെ ഒപ്പമുള്ള ചിത്രവും വിനീത് ശ്രീനിവാസൻ പങ്കു വെച്ചിട്ടുണ്ട്. ബിസിനസ്സും ലാഭവും നോക്കി മാത്രം സിനിമയെ സ്നേഹിക്കുന്ന ആളുകൾ ഉള്ള ഈ ലോകത്തു ഇപ്പോഴും ഇത്തരത്തിൽ ഉള്ളവർ ഉണ്ടെന്നത് അറിയുന്നത് ഏറെ സന്തോഷമാണെന്നും വിനീത് ശ്രീനിവാസൻ സൂചിപ്പിക്കുന്നു.