
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി നിൽക്കുന്ന ഒന്ന്, മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തെ കുറിച്ച് പ്രശസ്ത നടൻ ഇടവേള ബാബു നടത്തിയ പരാമർശമാണ്. വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദർ നായക് ഒരുക്കിയ മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് കഴിഞ്ഞ വർഷമാണ് റിലീസ് ചെയ്തത്. തീയേറ്ററിൽ ഹിറ്റായ ഈ ചിത്രം വലിയ പ്രേക്ഷക പിന്തുണയാണ് നേടിയത്. ഈ കഴിഞ്ഞ ജനുവരി പതിമൂന്നിനാണ് ഈ സിനിമ ഒറ്റിറ്റിയിലും എത്തിയത്. അതിന് ശേഷം നടന്ന, നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലായിരുന്നു ഇടവേള ബാബുവിന്‍റെ പരാമർശം ഉണ്ടായത്. ഈ ചിത്രം ഫുൾ നെഗറ്റീവ് ആണെന്നും ഇതിനൊക്കെ ആരാണ് സെൻസർ സർട്ടിഫിക്കറ്റ് നൽകിയതെന്നും ഇടവേള ബാബു ചോദിച്ചു. കൂടാതെ, ഇതിലെ നായിക പറയുന്ന ഭാഷ പുറത്ത് പറയാൻ പറ്റില്ല എന്നും എന്നാൽ ഈ ചിത്രത്തിന്റെ വിജയം ഉയർത്തുന്ന ചോദ്യം, പ്രേക്ഷകർക്കാണോ സിനിമക്കാർക്കാണോ മൂല്യച്യുതി സംഭവിച്ചതെന്നുമാണെന്നും ഇടവേള ബാബു പറഞ്ഞു.
ഈ വിഷയത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ടെന്നും, സിനിമ കണ്ടതിന് ശേഷം ഇടവേള ബാബു ചേട്ടൻ തന്നെ വിളിച്ചു സംസാരിച്ച കാര്യങ്ങൾ തന്നെയാണ് അദ്ദേഹം ആ ചർച്ചയിലും പറഞ്ഞതെന്നും, അതിനൊന്നും ഒരു കുഴപ്പവും ഇല്ലെന്നും വിനീത് പറയുന്നു. ഈ ചിത്രം ചർച്ച ചെയ്യപ്പെടുന്നത് തന്നെയാണ് സന്തോഷം നൽകുന്നതെന്നും വിനീത് കൂട്ടിച്ചേർത്തു. ഇങ്ങനെ ഒരു സിനിമയെ പറ്റി തനിക്കൊന്നും ചിന്തിക്കാൻ പറ്റില്ല എന്ന് പറഞ്ഞ ഇടവേള ബാബു, ഒട്ടേറെ പേര് ഒഴിഞ്ഞു മാറിയ ശേഷം വിനീത് ശ്രീനിവാസൻ ഇത് ചെയ്തത്, ഇതിന്റെ സംവിധായകൻ വിനീതിന്റെ അസിസ്റ്റന്റ് ആയിരുന്നത് കൊണ്ടാണെന്നും പറഞ്ഞിരുന്നു. താൻ ഇതിന്റെ താരനിരയിൽ എത്തിയത് ഏറ്റവും അവസാനം ആണെന്ന് വിനീതും വെളിപ്പെടുത്തിയിരുന്നു.