‘വർഷങ്ങൾക്ക് ശേഷം’ എന്റെ കരിയർ ബെസ്റ്റ് ചിത്രമായിരിക്കും:ധ്യാൻ ശ്രീനിവാസൻ.

Advertisement

തുടർച്ചയായി ചിത്രങ്ങൾ പുറത്തിറക്കിയും അതുപോലെ രസകരമായ അഭിമുഖങ്ങളിലൂടെയും ഇന്ന് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ. അദ്ദേഹം നായകനായ ഏറ്റവും പുതിയ ചിത്രമായ ‘നദികളിൽ സുന്ദരി യമുന’ ഇപ്പോൾ റിലീസിന് തയ്യാറെടുക്കുകയാണ്‌. ധ്യാൻ ശ്രീനിവാസൻ- അജു വർഗീസ് കൂട്ടുകെട്ടിൽ പുറത്തു വരുന്ന ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേർന്നാണ്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഓൺലൂക്കേഴ്സ് മീഡിയക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ വെളിപ്പെടുത്തിയ കാര്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യാൻ പോകുന്ന ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിലാണ് ധ്യാൻ ഇനി അഭിനയിക്കാൻ പോകുന്നത്.

അടുത്ത മാസം അവസാനത്തോടെ എറണാകുളത്ത് ആരംഭിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ശരീര ഭാരം കുറക്കുന്ന തിരക്കിലാണ് ധ്യാൻ. ഇതിലെ കഥാപാത്രം തന്റെ കരിയർ ബെസ്റ്റ് ആയിരിക്കുമെന്നും, തന്റെ ജോലി ഏറ്റവും നന്നായി ചെയ്യാൻ ശ്രമിക്കുന്ന, അതിനോട് പൂർണ്ണമായ ഉത്തരവാദിത്വം കാണിക്കുന്ന ഒരു നടനാണ് താനെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ നടനായി അരങ്ങേറ്റം കുറിച്ചത്. ആ ചിത്രം റിലീസ് ചെയ്ത് പത്ത് വർഷത്തിന് ശേഷമാണ് ധ്യാൻ വീണ്ടും സ്വന്തം ചേട്ടനൊപ്പം ഒരു ചിത്രം ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർക്കൊപ്പം ബേസിൽ ജോസഫ്, നീരജ് മാധവ്, കല്യാണി പ്രിയദർശൻ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ഷാൻ റഹ്മാൻ, നീത പിള്ളൈ, നിഖിൽ നായർ എന്നിവരും, അതിഥി വേഷത്തിൽ നിവിൻ പോളിയും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ്‌ ഈ ചിത്രം നിർമ്മിക്കുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close