
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഹൃദയം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിൽ എത്തിയത്. ആദ്യ ഷോ മുതൽ പ്രേക്ഷകർ നെഞ്ചോട് ചേർത്ത ഈ ചിത്രത്തിന് അതിഗംഭീരമായ അഭിപ്രായമാണ് ലഭിക്കുന്നത്. ഇത്രയും മികച്ച ഒരു ചിത്രം അടുത്തകാലത്ത് മലയാളത്തിൽ വന്നിട്ടില്ല എന്നും, ഇത് വിനീത് ശ്രീനിവാസൻ എന്ന സംവിധായകന്റെ കരിയർ ബെസ്റ്റ് ആണെന്നും പ്രേക്ഷകർ പറയുന്നു. അതുപോലെ തന്നെ പ്രണവ് മോഹൻലാൽ എന്ന നടൻ അതിശയിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചതെന്നും മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ് പ്രണവ് എന്നും പ്രേക്ഷകർ ഉറപ്പിച്ചു പറയുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രം തീയേറ്ററിൽ പ്രേക്ഷകരോടൊപ്പം കണ്ടിറങ്ങിയ വിനീത് പറയുന്ന വാക്കുകൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്. തനിക്കു സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകൾ ഇല്ല എന്നും, രണ്ടു വർഷത്തിന് മുകളിൽ ഉള്ള കഷ്ടപ്പാടിനും കാത്തിരിപ്പിനും ഇത്രയും വലിയ ഫലം ലഭിക്കുമ്പോൾ, വീട്ടിൽ പോയി തനിക്കൊന്നും പൊട്ടിക്കരയണം എന്നും അത്രമാത്രം സന്തോഷമാണ് ഉള്ളിലൊതുക്കി നിൽക്കുന്നത് എന്നും വിനീത് പറയുന്നു.
കോവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോഴും ഈ ചിത്രം ലാഭം നോക്കാതെ തീയേറ്ററിൽ തന്നെ റിലീസ് ചെയ്ത നിർമ്മാതാവ് വിശാഖ് സുബ്രമണ്യം കാണിച്ച മനസ്സിനും ധൈര്യത്തിനും വിനീത് ശ്രീനിവാസൻ നന്ദി പറയുന്നു. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ, അശ്വത് ലാൽ, വിജയ രാഘവൻ, ജോണി ആന്റണി, അജു വർഗീസ് എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും ഗംഭീര പ്രകടനം കാഴ്ച വെച്ച ഈ ചിത്രം ഇപ്പോൾ കേരളത്തിൽ ട്രെൻഡ് സെറ്റർ ആയി മാറിക്കഴിഞ്ഞു. എല്ലാ ഷോകളും ഹൗസ്ഫുൾ ആയി കളിക്കുന്ന ഈ ചിത്രത്തിന് കൂടുതൽ സ്‌ക്രീനുകളും ഷോകളും കൂട്ടി ചേർക്കുകയാണ്. ഹിഷാം അബ്ദുൽ വഹാബ് ഒരുക്കിയ സംഗീതവും വിശ്വജിത്തിന്റെ കാമറ വർക്കും രഞ്ജൻ അബ്രഹാമിന്റെ എഡിറ്റിങ് മികവുമെല്ലാം ഈ ചിത്രത്തെ മികവിന്റെ മറ്റൊരു തലത്തിലേക്കാണ് ഉയർത്തിയത്.