
വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആന അലറലോടലറൽ’. ആനചിത്രങ്ങളെ എന്നും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളികൾ ഈ ചിത്രത്തിനായും ഏറെ പ്രതീക്ഷയിലാണ്. ശേഖരൻകുട്ടി എന്ന ആനയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. നന്തിലത്ത് അർജുനൻ എന്ന ആനയാണ് ശേഖരൻകുട്ടിയായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിലൂടെയും പാട്ടുകളിലൂടെയും മറ്റും ചുരുങ്ങിയ സമയം കൊണ്ടുതന്നെ നന്തിലത്ത് അർജുനൻ സിനിമാപ്രേമികളുടെ മനം കവർന്നിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുന്ന ആനചിത്രം എന്നതുകൊണ്ടുതന്നെ അർജുന്റെ ആരാധകരും ഏറെ പ്രതീക്ഷയിലാണ്.
ഓരോ ഷോട്ടിലും വളരെ കൃത്യമായി അഭിനയിച്ച് നന്തിലത്ത് അര്‍ജുനന്‍ അഭിനേതാക്കളെയൊക്കെ ശരിക്കും അത്ഭുതപ്പെടുത്തിയെന്നും ചെവിയുടെയും തുമ്പിക്കൈയുടെയും അനക്കം വരെ വളരെ കൃത്യമായാണ് അർജുനൻ ചെയ്‌തതെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കിയിരുന്നു. ശേഖരൻകുട്ടിയുടെ പാപ്പാനായി അഭിനയിക്കുന്ന വിശാഖും വിനീത് ശ്രീനിവാസനും സിനിമയുടെ ചിത്രീകരണത്തിന് മുൻപ് തന്നെ നന്തിലത്ത് അർജുനനെ പരിചയപ്പെടാൻ എത്തിയിരുന്നു. ആ സൗഹൃദം ചിത്രീകരണത്തിനിടയിലും ഏറെ സഹായകരമായി മാറി.
കുടുംബപ്രേക്ഷകരെ ലക്ഷ്യമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശരത് ബാലന്റേതാണ് തിരക്കഥ. അനു സിത്താരയാണ് വിനീത് ശ്രീനിവാസന്റെ നായികയായി എത്തുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ഇന്നസെന്റ്, വിജയരാഘവന്‍, മാമുക്കോയ, ഹരീഷ് കണാരന്‍, ബിജുക്കുട്ടൻ, ധര്‍മജന്‍ ബോള്‍ഗാട്ടി, പ്രിയങ്ക, മഞ്ജുവാണി എന്നിങ്ങനെ വലിയ ഒരു താരനിര തന്നെ ‘ആന അലറലോടലറലി’ൽ അണിനിരക്കുന്നുണ്ട്. വിനീത് ശ്രീനിവാസനും മനുമഞ്ജിത്തും വരികള്‍ എഴുതിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടത് ഷാന്‍ റഹ്മാനാണ്. പോയട്രി ഫിലിംഹൗസിന്‍റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്