സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ പതിനേഴാം വാർഷികത്തിന് അതിന്റെ സംവിധായകൻ വിനയൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിൽ ആ സമയത്തു മലയാള സിനിമയിൽ താൻ നേരിട്ട പ്രതിസന്ധികളും ആ സമയത്തു താൻ ചെയ്ത ചിത്രങ്ങൾ പൃഥ്വിരാജ് എന്ന നടനെ നിലനിർത്തിയത് എങ്ങനെയെന്നും വിനയൻ പറയുന്നു. പൃഥ്വിരാജ്, തിലകൻ എന്നിവരുമായി ബന്ധപ്പെട്ട വിവാദങ്ങൾ വിനയന്റെ സിനിമാ ജീവിതത്തിലും മലയാള സിനിമയിലും ഉണ്ടായ സമയവുമായിരുന്നു അത്. ഇപ്പോഴിതാ, ആ ഫേസ്ബുക് പോസ്റ്റിൽ വിനയനോട് ഒരു ആരാധകൻ ചോദിച്ച ചോദ്യവും അതിനു വിനയൻ നൽകിയ മറുപടിയും ഏറെ ശ്രദ്ധ നേടുകയാണ്. അനിൽ എന്ന ആരാധകൻ ആണ് വിനയനോട് ആ സമയത്തെ വിവാദങ്ങളുമായി ബന്ധപ്പെട്ട ഒരു ചോദ്യം ചോദിച്ചത്.
അനിൽ ചോദിച്ച ചോദ്യം ഇങ്ങനെ, “അത്ഭുതദ്വീപ് എന്ന സിനിമയെടുത്തത് തന്നെ പ്രിത്വിരാജിൻ്റെ വിലക്ക് തീർക്കാനണന്ന് പ്രിത്വിരാജിൻ്റെ അമ്മ ബഹുമാനപ്പെട്ട മല്ലിക ചേച്ചി തന്നെ പബ്ലിക്കായി പ്രസംഗിച്ചതിൻ്റെ വീഡിയോ ഉണ്ട് .. വിനയൻ സാറാണ് തൻ്റെ രണ്ടു മക്കളെയും ഇന്ദ്രജിത്തിനെയും രാജുവിനെയും നിലനിർത്തിയതെന്ന് അവർ പറയുമ്പോൾ .. അത്ഭുതദ്വീപ് കഴിഞ്ഞ് 17 വർഷമായി സംവിധായകൻ വിനയൻ്റെ ചിത്രത്തിൽ പ്രിത്വിരാജ് അഭിനയിച്ചിട്ടില്ലായെന്ന കാര്യം നമ്മൾ ഓർക്കണം 2004-ൽ തിലകൻ ചേട്ടനും പ്രിത്വിരാജുമൊഴിച്ച് സത്യം എന്ന സിനിമയിൽ അഭിനയിച്ച എല്ലാരും അമ്മ സംഘടനയോട് മാപ്പ് പറഞ്ഞ് തിരിച്ച് കയറിയെന്നാണ് എല്ലാ മീഡീയായിലും വന്നത് ..തിലകൻ ചേട്ടൻ മാപ്പ് പറഞ്ഞില്ല പക്ഷേ പൃഥ്വിരാജ് ഇനി മേലിൽ സംവിധായകൻ വിനയൻ്റെ ചിത്രത്തിൽ അഭിനയിക്കുകയില്ലയെന്ന് അമ്മയിലെ നേതാക്കൾക്ക് വാക്കു കൊടുത്തിട്ടാണ് ആ പ്രശ്നം അന്നു തീർത്തത് .. അതും ഒരു കണക്കിന് മാപ്പു തന്നല്ലേ .. ഞാൻ ഈ പറയുന്നത് കള്ളമാണന്ന് പ്രിത്വിരാജിന് പറയാൻ പറ്റുമോ?പത്തോമ്പതാം നൂറ്റാണ്ടിൻ്റെ കാര്യമുൾപ്പടെ ഞാൻ പറയാം”..
ഈ ചോദ്യത്തിന് വിനയൻ നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധ നേടുന്നത്. അനിലിന്റെ ചോദ്യത്തിന് വിനയന്റെ മറുപടി ഇങ്ങനെ, ” അനിൽ… അങ്ങനെ ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല… ഒരാളുടെ ചിത്രത്തിൽ അഭിനയിക്കുന്നതോ ക്യാരക്ടർ തിരഞ്ഞെടുക്കുന്നതോ ഒക്കെ തികച്ചും ഒരു താരത്തിൻെറ വ്യക്തിപരമായ കാര്യമാണ്.. പൊതുവായിട്ടൊള്ള കാര്യങ്ങൾ പറയുമ്പോൾ അത്തരം വ്യക്തിപരമായ കാര്യങ്ങളിലേക്കു പോകരുത്… ഇന്ന് കൂഞ്ഞാലിമരക്കാർ കഴിഞ്ഞാൽ പിന്നെ മലയാളത്തിൽ നിർമ്മിക്കുന്ന ഏറ്റവും വലിയ ബിഗ്ബഡ്ജറ്റ് ചിത്രമായ പത്തൊൻപതാം നൂറ്റാണ്ട് സംവിധാനം ചെയ്യാൻ കഴിയുന്നത് എൻെറ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെയും വ്യക്തിത്വത്തിൻെറയും പ്രതിഫലനമാണന്നു ഞാൻ കരുതുന്നു… അതിൽ നിങ്ങളുടെ ഏവരുടെയും പ്രാർത്ഥന ഈണ്ടാകണം…”. ഏതായാലും ഇപ്പോൾ മലയാള സിനിമയിൽ ഏറെ സജീവമാണ് വിനയൻ എന്ന് മാത്രമല്ല, സൂപ്പർ താരം മോഹൻലാൽ നായകനാവുന്ന ഒരു ചിത്രത്തിന്റെ പണിപ്പുരയിലുമാണ് അദ്ദേഹം.