
പ്രശസ്ത സംവിധായകൻ വിനയൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. വമ്പൻ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കിയ പത്തൊൻപതാം നൂറ്റാണ്ടിൽ യുവ താരം സിജു വിൽസനാണ് നായകനായി എത്തുന്നത്. ഇതിനോടകം പുറത്തു വന്ന ഇതിന്റെ ടീസർ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ് പ്രതീകരണമാണ് സൃഷ്ടിച്ചത്. അതുപോലെ ചിത്രത്തിന്റെ പോസ്റ്ററുകളും വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ അവസാന ഘട്ടത്തിലാണ് ഈ ചിത്രം. ഈ സിനിമയെ കുറിച്ചും ഇതിൽ സിജു വിൽസൺ നടത്തിയ പ്രകടനത്തെ കുറിച്ചുമെല്ലാം സംവിധായകൻ വിനയൻ കുറിച്ച വാക്കുകൾ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. ഈ ചിത്രത്തിലെ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നായക വേഷമവതരിപ്പിക്കാൻ സിജു വിൽസൺ നടത്തിയ വമ്പൻ മേക് ഓവർ കയ്യടി നേടിയിരുന്നു. ശ്രീനാരായണ ഗുരുവിന് മുമ്പ് തന്നെ അവർണർക്ക് വേണ്ടി ക്ഷേത്രം സ്ഥാപിക്കുകയും മറ്റും ചെയ്തിട്ടുള്ള, പായ്ക്കപ്പലുകളും തുറമുഖവും സ്വന്തമായുണ്ടായിരുന്ന, പുഴുക്കളെ പോലെ കാണുന്ന ജനതയെ ഉയർത്തെഴുന്നേൽപ്പിക്കണമെന്ന നിലപാടിലുറച്ചു സഞ്ചരിച്ച വേലായുധ പണിക്കരുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ വിനയൻ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.
വിനയൻ കുറിച്ച വാക്കുകൾ ഇങ്ങനെ, “പത്തൊൻപതാം നൂറ്റാണ്ടിൻെറ അറ്റ്മോസ് മിക്സിംഗ് പൂർത്തിയായി. അടുത്ത ദിവസങ്ങളിൽ തന്നെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്യുന്നതാണ്. പുതിയ ട്രെയിലറും റിലീസിനു മുൻപായി നിങ്ങളുടെ മുന്നിലെത്തും. ഈ ചിത്രത്തിൽ സിജു വിത്സൺ എന്ന യുവനായകൻെറ ആക്ഷൻ രംഗങ്ങളും അഭിനയവും പ്രേക്ഷകർ ഇഷ്ടപ്പെടും ചർച്ച ചെയ്യപ്പെടും എന്നു ഞാൻ വിശ്വസിക്കുന്നു. സിജുവിനോടൊപ്പം അനുപ് മേനോനും ചെമ്പൻ വിനോദും, സുരേഷ് കൃഷ്ണയും, ഇന്ദ്രൻസും, സുദേവ് നായരും അടങ്ങിയ അൻപതോളം പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്. ഷാജികുമാറും, വിവേക് ഹർഷനും, സന്തോഷ് നാരായണനും,എം ജയചന്ദ്രനും, അജയൻ ചാലിശ്ശേരിയും, എൻ എം ബാദുഷയും, പട്ടണം റഷീദും,ധന്യാ ബാലകൃഷ്ണനും സുപ്രീം സുന്ദറും അടങ്ങിയ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരുടെ ഒരു വലിയ നിര എന്നോടൊപ്പം ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നു. ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന, നവോത്ഥാന നായകനായ ധീര സാഹസികൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന ഈ ചരിത്ര സിനിമ എന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. എല്ലാ സുഹൃത്തുക്കളുടെയും സപ്പോർട്ട് ഉണ്ടാകുമല്ലോ?”.