മോഹൻലാൽ നായകനായ പുതിയ ചലച്ചിത്രം വില്ലൻ ഇപ്പോൾ മലയാള സിനിമാ പ്രേമികൾ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ബി ഉണ്ണികൃഷ്ണൻ എഴുതി സംവിധാനം ചെയ്ത ഈ സ്റ്റൈലിഷ് ക്രൈം ത്രില്ലറിൽ മോഹൻലാലിനൊപ്പം തമിഴ് താരങ്ങളായ വിശാൽ , ഹൻസിക എന്നിവരും, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, രാശി ഖന്ന എന്നിവരും, മലയാളത്തിൽ നിന്ന് മഞ്ജു വാര്യർ, ചെമ്പൻ വിനോദ്,, അജു വർഗീസ്, സിദ്ദിഖ്, രഞ്ജി പണിക്കർ തുടങ്ങിയവരും അഭിനയിക്കുന്നു. ബിഗ് ബഡ്ജറ്റിൽ അണിയിച്ചൊരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റോക്ക് ലൈൻ വെങ്കടേഷ് ആണ്. ബജരംഗി ഭായിജാൻ , ലിംഗ പോലത്തെ വമ്പൻ ചിത്രങ്ങൾ നിർമ്മിച്ച റോക്ക് ലൈൻ വെങ്കടേഷ് ആദ്യമായി മലയാളത്തിൽ നിർമ്മിച്ച ചിത്രമാണ് വില്ലൻ.
ഈ വരുന്ന ഒക്ടോബറിൽ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ വില്ലൻ ഒരുമിച്ചു റിലീസ് ചെയ്യാൻ ആണ് തീരുമാനം. അങ്ങനെയെങ്കിൽ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഓൾ ഇന്ത്യ റിലീസിന് ആയിരിക്കും നമ്മൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ ആണ് മോഹൻലാൽ- വൈശാഖ് ചിത്രം പുലി മുരുകൻ എത്തിയത്. മലയാള സിനിമയുടെ തലവര മാറ്റി കുറിച്ചിട്ടാണ് 150 ഇൽ അധികം ദിവസം പ്രദർശിപ്പിച്ച പുലി മുരുകൻ തിയേറ്റർ വിട്ടത്. 150 കോടിക്ക് മുകളിൽ ലോകമെമ്പാടുനിന്നും കളക്ഷൻ നേടിയ ഈ ചിത്രം മലയാള സിനിമയ്ക്കു നേടിക്കൊടുത്തത് ഒരു വമ്പൻ അന്താരാഷ്ട്ര വിപണിയാണ്.
ഈ ചിത്രത്തിന്റെ മഹാ വിജയത്തിലൂടെ തെലുങ്കിലും മോഹൻലാൽ ഒരു സൂപ്പർ താരമായി മാറി. വീണ്ടും ഒരു ഒക്ടോബര് മാസത്തിൽ ഒരു വമ്പൻ ചിത്രവുമായി മോഹൻലാൽ വരുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. വില്ലൻ പുലി മുരുകനെ മലർത്തിയടിക്കുമോ ബോക്സ് ഓഫീസിൽ എന്നാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്.
മലയാളത്തിലെ ഏറ്റവും വലിയ മൂന്നു വിജയങ്ങൾ സ്വന്തം പേരിലുള്ള ആളാണ് മോഹൻലാൽ. പുലി മുരുകൻ, ദൃശ്യം, ഒപ്പം എന്നീ ചിത്രങ്ങൾ ആണ് മലയാള സിനിമയിലെ നിലവിലെ ഏറ്റവും വലിയ വിജയങ്ങൾ . അതുപോലെ നാല് മലയാള ചിത്രങ്ങൾ അമ്പതു കോടി ക്ലബ്ബിൽ ഉള്ള ഏക മലയാളം നടനും മോഹൻലാൽ മാത്രം ആണ്.
വില്ലൻ മോഹൻലാലിൻറെ അഞ്ചാമത്തെ അമ്പതു കോടി ചിത്രവും രണ്ടാമത്തെ നൂറു കോടി ചിത്രവുമാവുമോ എന്നാണ് ആരാധകരും സിനിമാ പ്രേമികളും ഉറ്റു നോക്കുന്ന കാര്യം.ടീം ഫോർ മ്യൂസിക്സ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സൂപ്പർ ഹിറ്റ് ആയി കഴിഞ്ഞു.