മലയാള സിനിമയിൽ ഒരു പുതു ചരിത്രം കൂടി സൃഷ്ടിച്ചിരിക്കുകയാണ് മോഹൻലാൽ ചിത്രമായ വില്ലൻ. മലയാള സിനിമയിലെ 90 % റെക്കോർഡുകളും സ്വന്തം പേരിലാക്കിയിട്ടുള്ള മോഹൻലാൽ പുതിയ ഒരു റെക്കോർഡ് കൂടി വില്ലൻ എന്ന ചിത്രത്തിലൂടെ നേടി. ഇത്തവണ തമിഴ് നാട്ടിൽ ആണ് വില്ലൻ റെക്കോർഡ് സൃഷ്ടിച്ചത്. തമിഴ് വേർഷൻ റിലീസ് ഉള്ളതിനാൽ വില്ലന്റെ മലയാളം വേർഷൻ വളരെ കുറച്ചു സ്‌ക്രീനുകളിൽ മാത്രമാണ് തമിഴ് നാട്ടിൽ റിലീസ് ചെയ്തത്. എന്നാൽ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് ഒരു മലയാള ചിത്രം തമിഴ് നാട്ടിൽ നേടുന്ന റെക്കോർഡ് ഓപ്പണിങ് ആണ് വില്ലൻ നേടിയത്. ആദ്യ മൂന്നു ദിവസം കൊണ്ട് തന്നെ ഏകദേശം 27 ലക്ഷം രൂപയാണ് വില്ലൻ തമിഴ് നാട്ടിൽ നിന്ന് നേടിയത്.
ഈ നിലയിൽ തുടർന്നാൽ ഈ വർഷം തമിഴ് നാട്ടിൽ നിന്ന് ഏറ്റവും കൂടുതൽ ഗ്രോസ് നേടുന്ന മലയാളം ചിത്രം എന്ന റെക്കോർഡും വില്ലൻ സ്വന്തമാക്കും എന്ന് പ്രതീക്ഷിക്കാം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, രാമലീല, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾ ആണ് 60 ലക്ഷത്തിനു മുകളിൽ ഗ്രോസ് നേടി ഈ വർഷം തമിഴ് നാട്ടിൽ വമ്പൻ വിജയം നേടിയ മലയാള ചിത്രങ്ങൾ. തമിഴ് നാട്ടിൽ മാത്രമല്ല യു എസ് എ യിലും ഈ വർഷത്തെ ഏറ്റവും വലിയ മോളിവുഡ് ഹിറ്റ് ആവാനുള്ള തയ്യാറെടുപ്പിൽ ആണ് വില്ലൻ. മൂന്നു ദിവസം കൊണ്ട് തന്നെ 17 ലക്ഷത്തോളം അവിടെ നിന്ന് നേടിയ വില്ലൻ മികച്ച കുതിപ്പാണ് അവിടെ നടത്തുന്നത്.അമേരിക്ക, ബ്രിട്ടൺ, യൂറോപ് എന്നിവിടങ്ങളിൽ നിന്ന് ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം മൂന്നര കോടിക്ക് മുകളിൽ നേടിയ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ ആണ്. വില്ലൻ ഈ വരുന്ന പത്താം തീയതി യൂറോപ്പ്, ബ്രിട്ടൺ എന്നിവിടങ്ങളിൽ റിലീസ് ചെയ്യും.
മലയാളത്തിലെ ആദ്യ ദിന കളക്ഷൻ റെക്കോർഡ് ഇപ്പോൾ വില്ലന്റെ കയ്യിൽ ആണ്. അതുപോലെ തന്നെ പുലിമുരുകൻ കഴിഞ്ഞാൽ ഏറ്റവും വേഗം 10 കോടി നേടിയ മലയാള ചിത്രവും വില്ലൻ ആണ്. ഫൈനൽ റൺ കഴിയുമ്പോൾ ഈ മോഹൻലാൽ ചിത്രവും 50 കോടി രൂപ ബിസിനസ് നടത്തുമോ എന്നറിയാൻ ആണ് ഏവരും ഉറ്റു നോക്കുന്നത്. ചിത്രത്തിന്റെ തമിഴ്, തെലുഗ് വേർഷനുകൾ ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യും.