ബാലരമയിലൂടെ നമ്മളെ ചിരിപ്പിച്ച വിക്രമനും മുത്തുവും വീണ്ടുമെത്തുന്നു; കഥ പറയുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു

Advertisement

ബാലരമയിലൂടെ ഒരുപാട് വർഷങ്ങൾക്കു മുൻപേ തന്നെ മലയാളികൾക്കിടയിൽ പോപ്പുലർ ആയ രണ്ടു കഥാപാത്രങ്ങളാണ് വിക്രമനും മുത്തുവും. മായാവി എന്ന ചിത്രകഥയിൽ കുട്ടൂസനും ഡാകിനിക്കും, രാജുവിനും രാധക്കും പിന്നെ സാക്ഷാൽ മായാവിക്കുമൊപ്പം ഏറെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളാണ് മണ്ടന്മാരായ വിക്രമനും മുത്തുവും എന്ന റൗഡികൾ. ഇപ്പോഴിതാ ഇവരെ പുതിയ കാലത്തിലേക്ക് കൊണ്ട് വന്നു നിർത്തുന്ന, കഥ പറയുന്ന ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മുരളി കൃഷ്ണൻ എന്ന കലാകാരൻ. “വർഷങ്ങളായി മലയാളികളെ കുടുകുടെ ചിരിപ്പിച്ച ബാലരമ കഥാപാത്രങ്ങളായ വിക്രമനും, മുത്തുവും അക്ഷരാർത്ഥത്തിൽ ഇതേത് വർഷമെന്നറിയാതെ ഉഴറുന്ന കഥ ഇവിടെ ആരംഭിക്കുന്നു”, എന്ന വാക്കുകളോടെയാണ് അദ്ദേഹം വിക്രമന്റെയും മുത്തുവിന്റെയും പുതിയ കഥ കുറെയേറെ ചിത്രങ്ങളുടെ രൂപത്തിൽ നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്.

ഈ ചിത്രങ്ങളിൽ വിക്രമനും മുത്തുവുമായി എത്തുന്നത് കണ്ണൻ നായർ, ആനന്ദ് മന്മഥൻ എന്നിവരാണ്. പുട്ടാലു, ലംബോദരൻ, ലൊട്ടുലൊടുക്ക്, ഗുൽഗുലുമാല് എന്നിവരായി രാഹുൽ നായർ ആർ, ജിബിൻ ജി നായർ, ജിക്കുജി ഇലഞ്ഞിക്കൽ, രവിശങ്കർ എന്നിവരും എത്തുന്നു. ചിത്രങ്ങളിലൂടെ കഥ പറയുന്ന ഇതിന്റെ ആദ്യ ഭാഗം കഴിഞ്ഞ വർഷം നവംബറിൽ ആണ് പുറത്തു വന്നത് എങ്കിൽ ഇതിന്റെ രണ്ടാം ഭാഗം ഇപ്പോൾ ഈ ഫെബ്രുവരിയിലാണ് പുറത്തു വിട്ടിരിക്കുന്നത്. “ഈ യുദ്ധത്തിൽ ഇനി ജയവും തോൽവിയും ഇല്ല. അവശേഷിക്കുന്നവർ മാത്രമേയുള്ളൂ”. എന്ന വാക്കുകളോടെയാണ് രണ്ടാം ഭാഗത്തിലെ ചിത്രങ്ങൾ എത്തിയിരിക്കുന്നത്. ഇതിൽ കുട്ടൂസൻ, ശിക്കാരി ശംഭു, ജമ്പൻ, ലുട്ടാപ്പി, മായാവി, രാജു, രാധ എന്നിവരുമുണ്ട്. ഈ വേഷങ്ങളിൽ എത്തിയിരിക്കുന്നത് യഥാക്രമം ജിബിൻ ജി നായർ, വിനേഷ് വിശ്വനാഥ്, സന്തോഷ് വെഞ്ഞാറമ്മൂട്, റെജു ആർ നായർ, വിഷ്ണു രവി രാജ്, ചിദാനന്ദ് എസ് ജയൻ, മാധവി നാഥ് എന്നിവരാണ്. രാഹുൽ രാധാകൃഷ്ണൻ, അഭയ് ചന്ദ്രൻ, ആദർശ് രാജൻ എന്നിവർ ആണ് ഈ ചിത്രങ്ങൾ എഡിറ്റ് ചെയ്തിരിക്കുന്നത്. ഇതിനു മുൻപ് മണിച്ചിത്രത്താഴിലെ ശങ്കരൻ തമ്പി, നാഗവല്ലി, രാമനാഥൻ എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചു മുരളി കൃഷ്ണൻ ഇതുപോലെ ചിത്രങ്ങളിലൂടെ പറഞ്ഞ കഥ ഏറെ ശ്രദ്ധ നേടിയിരുന്നു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close