400 കോടി ക്ലബിൽ വിക്രം; അവിശ്വസനീയ കുതിപ്പ് തുടരുന്നു

Advertisement

ഉലക നായകൻ കമൽ ഹസൻ നായകനായി എത്തിയ വിക്രം ബോക്സ് ഓഫീസിലെ അവിശ്വസനീയമായ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം ഈ ചിത്രം 400 കോടി എന്ന ആഗോള ഗ്രോസ് മാർക്ക് പിന്നിട്ടു. നാനൂറു കോടി ബോക്സ് ഓഫീസിൽ നിന്നും നേടുന്ന രണ്ടാമത്തെ മാത്രം തമിഴ് ചിത്രമാണിപ്പോൾ വിക്രം. അറുനൂറു കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രമായ എന്തിരൻ 2 ആണ് ഈ ലിസ്റ്റിൽ ഒന്നാമത്. എന്നാൽ തമിഴ്‌നാട്ടിൽ നിന്ന് മാത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് വിക്രം നിൽക്കുന്നത്. ഇന്നലെയോടെ തമിഴ് നാട്ടിൽ നിന്ന് മാത്രം 170 കോടി ഗ്രോസ്സാണ് വിക്രം നേടിയത്. തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റെന്ന നേട്ടവും ദിവസങ്ങൾക്കു മുൻപ് തന്നെ വിക്രം സ്വന്തമാക്കിയിരുന്നു. ജൂലൈ എട്ടിനാണ് ഈ ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നത്. അതിനു മുൻപ് ആഗോള ഗ്രോസായി വിക്രം എത്ര കോടി നേടുമെന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

കേരളത്തിലും മഹാവിജയം നേടിയ ചിത്രം ഇവിടെ നിന്ന് മാത്രം നാൽപതു കോടിയെന്ന നേട്ടത്തിലേക്കാണ് നീങ്ങുന്നത്. ഓവർസീസ് മാർക്കറ്റിലും ഗംഭീര പ്രകടനം കാഴ്‌ച വെച്ച വിക്രം നൂറു കോടിക്ക് മുകളിൽ വിദേശത്തു നിന്ന് നേടിയും ശ്കതി കാണിച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് അദ്ദേഹവും രത്‌നകുമാറും ചേർന്നാണ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെ നിർമ്മിച്ച ഈ ചിത്രത്തിൽ മക്കൾ സെൽവൻ വിജയ് സേതുപതി, ഫഹദ് ഫാസിൽ, അതിഥി താരമായി സൂര്യ, ചെമ്പൻ വിനോദ്, നരെയ്ൻ, കാളിദാസ് ജയറാം എന്നിവരും വേഷമിട്ടിട്ടുണ്ട്. അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഗിരീഷ് ഗംഗാധരനാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close