ഈസ്റ്റർ റിലീസായി ആദ്യമെത്തിയ ചിത്രം വികടകുമാരൻ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ബോബൻ സാമുവൽ സംവിധാനം ചെയ്ത ചിത്രം ഒരു ഫാമിലി ത്രില്ലറായാണ് ഒരുക്കിയിരുന്നത്. ഈസ്റ്ററിനു പുറത്തിറങ്ങിയ ചിത്രം കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു ചിത്രത്തെ വിജയമാക്കി മാറ്റിയിട്ടുണ്ട്. കട്ടപ്പനയിലെ ഹൃതിക് റോഷന് ശേഷം വിജയ കൂട്ടുകെട്ടായ വിഷ്ണു ഉണ്ണികൃഷ്ണൻ – ധർമജൻ കോംബിനേഷൻ വീണ്ടുമെത്തിയ ചിത്രമായിരുന്നു വികടക്കുമാരൻ. ആദ്യ ചിത്രത്തിലേതെന്ന പോലെ രണ്ടാം ചിത്രത്തിലും ഈ കൂട്ടുകെട്ട് ചിരി പടർത്തുന്നതിൽ വിജയിച്ചിട്ടുണ്ട്. മാമാലയൂര് എന്ന ഗ്രാമവും അവിടുത്തെ ഒരു വക്കീലിന്റെയും കഥപറയുന്ന ചിത്രത്തിൽ വക്കീലൽ ബിനുവായി എത്തുന്നത് വിഷ്ണു ഉണ്ണികൃഷ്ണനാണ്. അവിടെ നടക്കുന്ന ഒരു കൊലപാതകം അഡ്വക്കേറ്റ് ബിനുവിന്റെ ജീവിതത്തിനെ ബാധിക്കുകയും അത് പരിഹരിക്കാൻ ബിനു നടത്തുന്ന ശ്രമവുമാണ് ചിത്രം. ചിത്രത്തിൽ ബിനുവിനൊപ്പം ഗുമസ്തനായി എത്തിയിരിക്കുന്നത് ധർമജനാണ്. ഇരുവരുടെയും കോമ്പിനേഷൻ രംഗങ്ങൾ എല്ലാം തന്നെ മികച്ചു നിന്നിരുന്നു.
ജനപ്രിയനിലൂടെ സംവിധാന രംഗത്തേക്ക് കാൽവെപ്പ് നടത്തിയ ബോബൻ സാമുവലിന്റെ അഞ്ചാമത് ചിത്രമായിരുന്നു വികടകുമാരൻ. ബോബൻ സാമുവലിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ റോമൻസിന്റെ, നിർമ്മാതാവും തിരക്കഥാകൃത്തും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു വികടക്കുമാരൻ . ഇന്ദ്രൻസ്, റാഫി, ബൈജു, ജയൻ ചേർത്തല തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കാറ്റ് എന്ന ആദ്യ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ മാനസ രാധാകൃഷ്ണനാണ് ചിത്രത്തിലെ നായിക. വൈ. വി. രാജേഷാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുൽ രാജ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നു. ചാന്ദ് വി ക്രിയേഷന്സിനു വേണ്ടി അരുൺ ഘോഷും ബിജോയ് ചന്ദ്രനുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.