തമിഴകത്തിന്റെ ദളപതി വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് എന്ന വാർത്തകൾ വരാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. വിജയ് അഭിനയിച്ച കഴിഞ്ഞ കുറച്ചു ചിത്രങ്ങളിൽ രാഷ്ട്രീയപരമായ പരാമർശങ്ങളും കഥാ സന്ദർഭങ്ങളും ആശയങ്ങളുമെല്ലാം ഉൾക്കൊള്ളിച്ചതും ഈ വാർത്തകൾക്കു ശ്കതി കൂട്ടി. അതിനോടൊപ്പം വിജയ് എന്നെങ്കിലും രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്നു വിജയ്‌യുടെ അച്ഛൻ ചന്ദ്രശേഖർ പറയുകയും ചെയ്തതോടെ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം വലിയ ചർച്ചാ വിഷയമായി മാറുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കു മുൻപാണ് വിജയ്‌യുടെ ആരാധക സംഘടന ഒരു രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്തു എന്ന വാർത്തകൾ പുറത്തു വന്നത്. വിജയ്‌യുടെ അച്ഛനാണ് ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിൽ പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചത്. തനിക്കു ഈ നീക്കവുമായി യാതൊരു വിധ ബന്ധങ്ങളുമില്ല എന്ന് വിജയ് പ്രതികരിക്കുകയും ചെയ്തു.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് വിജയ്‌യുടെ അമ്മ ശോഭയും രംഗത്ത് വന്നിരിക്കുകയാണ്. ചന്ദ്രശേഖർ പറഞ്ഞത് വിജയ്‌യുടെ അമ്മ ശോഭയാണ് ഈ പാർട്ടിയുടെ ട്രെഷറർ എന്നാണ്. പക്ഷെ ശോഭ പറയുന്നത് ഒരു അസോസിയേഷൻ രൂപീകരിക്കാനാണ് എന്ന് പറഞ്ഞാണ് ചന്ദ്രശേഖർ തന്റെ ഒപ്പു വാങ്ങിച്ചത് എന്നും വിജയ്‌യുടെ സമ്മതമോ അറിവോ ഇല്ലാതെ അങ്ങനെ ഒരു പാർട്ടിയുടെയും ഒരു സ്ഥാനത്തും തനിക്കു വരാൻ താല്പര്യമില്ലെന്നുമാണ്. രാഷ്ട്രീയ പാർട്ടി ആയി രജിസ്റ്റർ ചെയ്യാനുള്ള നീക്കമറിഞ്ഞു, അതിന്റെ ഭാഗമാവാനുള്ള തന്റെ വിമുഖത ചന്ദ്രശേഖറിനോട് പറയുകയും അദ്ദേഹമത് ഉൾക്കൊള്ളുകയും ചെയ്തെന്നും ശോഭ പറയുന്നു. രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് മാറി നിൽക്കാൻ വിജയ് അച്ഛനോട് ആവശ്യപ്പെട്ടു എങ്കിലും ചന്ദ്രശേഖർ മാധ്യമ അഭിമുഖങ്ങളും മറ്റുമായി മുന്നോട്ടു പോയതോടെ വിജയ് ഇപ്പോൾ അച്ഛനുമായി സംസാരിക്കാറില്ല എന്നും ശോഭ വെളിപ്പെടുത്തി. ഈ പാർട്ടി വിജയ്‌യുടെ പാർട്ടി അല്ലെന്നും, വിജയ്ക്ക് വേണ്ടി ഫാൻസ് അസോസിയേഷൻ രൂപീകരിച്ചത് വിജയ്‌യുടെ സമ്മതം ചോദിച്ചിട്ടല്ലെന്നും അതുപോലെ ഒരു പാർട്ടി രൂപീകരിക്കാനും വിജയ്‌യുടെ സമ്മതം ആവശ്യമില്ലെന്നും ചന്ദ്രശേഖർ പറയുന്നു. താനും വിജയ്‌യും ശത്രുക്കളല്ല എന്നും അദ്ദേഹം പറഞ്ഞു. ഏതായാലും തന്റെ ആരാധകരോട് ഈ പാർട്ടിയിൽ നിന്ന് മാറി നിൽക്കാനും വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്.