കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദളപതി വിജയ് ചിത്രം ലിയോക്ക് കേരളത്തിലും ഗംഭീര സ്വീകരണം. ആദ്യ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ കേരളത്തിൽ നിന്ന് 12 കോടിയോളം രൂപയാണ് ഈ ചിത്രം നേടിയ ആദ്യ ദിന ഗ്രോസ്. ഇത് കേരളത്തിൽ പുത്തൻ ഓപ്പണിങ് ഡേ റെക്കോർഡ് ആണ്. അത് കൂടാതെ ആദ്യ ദിനം രാത്രി, ലിയോ കേരളത്തിൽ കളിച്ചത് 300 ഇൽ കൂടുതൽ അഡീഷണൽ ഷോകളാണ്. ആദ്യ ദിവസം 3500 ഷോകളോളം കേരളത്തിൽ കളിച്ച ഈ ചിത്രത്തിന് 450 ന് മുകളിൽ ഫാൻസ് ഷോകളും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. രാവിലെ മുതൽ അഭൂതപൂർവമായ പ്രേക്ഷക പങ്കാളിത്തത്തോടെ പ്രദർശനമാരംഭിച്ച ഈ ചിത്രത്തിന് രാത്രിയിലും ജനപ്രവാഹം തുടർന്നു. രണ്ടാം ദിവസവും വലിയ തിരക്കോടു കൂടി തന്നെ പ്രദർശനമാരംഭിച്ച ഈ ചിത്രം ആദ്യ വീക്കെൻഡ് കഴിയുമ്പോൾ റെക്കോർഡ് കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ കണക്ക് കൂട്ടുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം തമിഴ്‌നാട്ടിലും ആദ്യ ദിന കളക്ഷൻ റെക്കോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ആഗോള ഗ്രോസ് ആയി 140 കോടിയോളം നേടിയ ലിയോ, ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും ഏകദേശം 70 കോടിയോളം വെച്ചാണ് ഗ്രോസ് നേടിയതെന്നും ആദ്യ കണക്കുകൾ പറയുന്നുണ്ട്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിച്ച ഈ ബിഗ് ബഡ്ജറ്റ് മാസ്സ് ചിത്രം ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്. കേരളാ, തമിഴ്നാട്, കർണ്ണാടക, ആന്ധ്ര, തെലുങ്കാന തുടങ്ങിയ മുഴുവൻ തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും ആദ്യ ദിനം 10 കോടിക്ക് മുകളിൽ ഓപ്പണിങ് കളക്ഷൻ നേടുന്ന ആദ്യ ഇന്ത്യൻ താരമായും ലിയോയിലൂടെ വിജയ് മാറി.