തമിഴകത്തെ ഏറ്റവും വലിയ താരമാണ് ദളപതി വിജയ് ഇപ്പോൾ. താരമൂല്യത്തിന്റെ കാര്യത്തിൽ സാക്ഷാൽ രജനികാന്തിനെ വരെ പിന്തള്ളിക്കഴിഞ്ഞു വിജയ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എല്ലാ വർഷവും വിജയ് ആരാധകർ സോഷ്യൽ മീഡിയയിലും പുറത്തും വലിയ ആഘോഷമാക്കി മാറ്റുന്ന ഒന്നാണ് തങ്ങളുടെ ഹീറോയുടേ പിറന്നാൾ. ജൂൺ മാസം ഇരുപത്തിരണ്ടാണ് ദളപതി വിജയ്‌യുടെ ജന്മദിനം. അന്ന് വമ്പൻ ആഘോഷമാണ് വിജയ് ആരാധകർ പ്ലാൻ ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ അത്തരം ആഘോഷങ്ങൾ ഒന്നും വേണ്ടെന്നു ആരാധകരെ അറിയിച്ചിരിക്കുകയാണ് താരമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ലോകം മുഴുവൻ കോവിഡ് 19 ഭീഷണി തുടരുന്നത് കൊണ്ടാണ് ഈ തവണ ആഘോഷങ്ങൾ ഒന്നും വേണ്ട എന്ന് താരം ആരാധകരോട് അഭ്യര്ഥിച്ചിരിക്കുന്നത്. ഈ വരുന്ന ജൂണ്‍ 22-ന് ഇളയദളപതിയുടെ നാല്‍പത്തിയഞ്ചാം ജന്മ ദിവസമാണ്. സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, ജനപ്രിയ സിനിമകളുടെ റീ-റിലീസുമാണ് വിജയ്‌യുടെ ജന്മദിനത്തിന് എല്ലാ വർഷവും ആരാധകർ ഒരുക്കാറുള്ളത്.
എന്നാൽ ഈ തവണ ആഘോഷ പരിപാടികൾ പൂർണ്ണമായും ഒഴിവാക്കിയതിന് ശേഷം ജീവ കാരുണ്യ പ്രവർത്തനങ്ങൾ മാത്രം മതിയെന്നാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ ജില്ലയിലുമുള്ള തന്റെ ഫാന്‍സ് ക്ലബ്ബുകാരോട് നേരിട്ടാണ് വിജയ് ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തിയത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്‌നാട് വിജയ് ഫാന്‍സ് ക്ലബ് അസോസിയേഷന് നേതൃത്വം നൽകുന്ന എന്‍. ആനന്ദ് രാജ്യത്തെമ്പാടുമുള്ള വിജയ് ഫാന്‍സ് അസോസിയേഷനോട് ഈ കാര്യം അഭ്യര്ഥിച്ചിട്ടുമുണ്ട്. വിജയ്‌യുടെ അടുത്ത റിലീസായ ലോകേഷ് കനകരാജിന്റെ മാസ്റ്റർ എന്ന ചിത്രത്തിന്റെ ടീസറോ ട്രൈലെറോ എന്തെങ്കിലും ജൂൺ ഇരുപത്തിരണ്ടിനു പുറത്തു വിടുമെന്നാണ് വിജയ് ആരാധകരുടെ പ്രതീക്ഷ.