മലയാളത്തിലെ ഈ വർഷത്തെ ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറിയ ചിത്രമാണ് ആസിഫ് അലി നായകനായ വിജയ് സൂപ്പറും പൗര്ണമിയും. ജിസ് ജോയ് രചനയും സംവിധാനവും നിർവഹിച്ച ഈ ഫാമിലി കോമഡി എന്റെർറ്റൈനെർ ഇപ്പോഴും കുംടുംബ പ്രേക്ഷകരുടെ പിന്തുണയോടെ മുന്നേറ്റം തുടരുകയാണ്. നാൽപ്പതാം ദിവസത്തിലേക്ക് കടക്കുമ്പോഴും കേരളത്തിൽ മാത്രം ഏകദേശം നൂറിലധികം തിയേറ്ററുകളിലും കേരളത്തിന് പുറത്തെ സ്ക്രീനുകൾ കൂടി ചേർത്താൽ ഇരുന്നൂറിൽ അധികം തീയേറ്ററുകളിലുമായി ആണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. കേരളത്തിന് പുറത്തും മികച്ച പ്രതികരണം ആണ് ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ച ഈ ചിത്രം ജിസ് ജോയ്- ആസിഫ് അലി ടീമിന്റെ തുടർച്ചയായ മൂന്നാമത്തെ ചിത്രവും തുടർച്ചയായ രണ്ടാമത്തെ സൂപ്പർ ഹിറ്റുമാണ്. രണ്ടു വർഷം മുൻപാണ് സൺഡേ ഹോളിഡേ എന്ന സൂപ്പർ ഹിറ്റ് ചിത്രം ഇരുവരും ചേർന്ന് സമ്മാനിച്ചത്. ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തിൽ എത്തിയ വിജയ് സൂപ്പറും പൗര്ണമിയുമിൽ മികച്ച പ്രകടനവുമായി സിദ്ദിഖ്, രഞ്ജി പണിക്കർ, കെ പി എ സി ലളിത, ദേവൻ, ശാന്തി കൃഷ്ണ, ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി, അജു വർഗീസ് എന്നീ താരങ്ങളും നിറഞ്ഞു നിൽക്കുന്നുണ്ട്. റെനഡിവേ ഒരുക്കിയ ദൃശ്യങ്ങളും രതീഷ് രാജിന്റെ എഡിറ്റിംഗും സാങ്കേതികമായി ഈ ചിത്രത്തെ മികവുറ്റതാക്കിയപ്പോൾ ടീം ഫോർ മ്യൂസിക്സ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. പ്രിൻസ് ജോർജ് എന്ന നവാഗത സംഗീത സംവിധായകൻ ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയത്.