മാനറിസം ശരിയാവാത്തതിനാൽ സംവിധായകൻ ദേഷ്യപ്പെട്ടു പാക്കപ്പ് പറഞ്ഞ ചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാർഡ്; മനസ്സ് തുറന്നു വിജയ് സേതുപതി..!

Advertisement

ഇന്ന് തമിഴകത്തിന്റെ മാത്രമല്ല, ഇന്ത്യൻ സിനിമാ പ്രേമികളുടെ മുഴുവൻ പ്രീയപ്പെട്ട നടന്മാരിൽ ഒരാളാണ് മക്കൾ സെൽവൻ വിജയ് സേതുപതി. തമിഴ് സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി ഇതിനോടകം പേരെടുത്ത അദ്ദേഹം, തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒക്കെ വേഷമിട്ടു കഴിഞ്ഞു. വമ്പൻ ആരാധക വൃന്ദമുള്ള നായകനായി തിളങ്ങുമ്പോഴും, വില്ലനായും സഹനടനായും പ്രത്യക്ഷപ്പെടാനും വിജയ് സേതുപതി തയ്യാറാണ്. ഇപ്പോഴിതാ ആദ്യ ദേശീയ പുരസ്‌കാരം നേടിയെടുത്തതിന്റെ സന്തോഷത്തിൽ, ആ ചിത്രത്തെക്കുറിച്ചു മനസ്സ് തുറക്കുകയാണ് വിജയ് സേതുപതി. സൂപ്പർ ഡീലക്‌സ് എന്ന ചിത്രത്തിൽ ട്രാൻസ്‌ജെൻഡർ ആയ ശില്പ എന്ന കഥാപാത്രമായി നടത്തിയ ഗംഭീര പ്രകടനത്തിനാണ് മികച്ച സഹനടനുള്ള ദേശീയ അവാർഡ് ഈ പ്രതിഭയെ തേടിയെത്തിയത്. ആ കഥാപാത്രമായി മാറാൻ താൻ ഏറെ കഷ്ട്ടപെട്ടു എന്നാണ് വിജയ് സേതുപതി പറയുന്നത്.

ഒരു കഥാപാത്രത്തിന് വേണ്ടിയും അങ്ങനെ തയ്യാറെടുപ്പുകള്‍ ഒന്നും നടത്താറില്ലെന്നും ഏത് വേഷമായാലും ചിത്രീകരണം തുടങ്ങി ഒന്നു രണ്ട് ദിവസത്തിനുള്ളില്‍ ആ കഥാപാത്രമായി മാറുകയെന്നതാണ് തന്റെ രീതിയെന്നും അദ്ദേഹം പറയുന്നു. എന്നാൽ സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിലെ ട്രാന്‍സ്‌ജെന്റര്‍ ശില്പ എന്ന കഥാപാത്രമായി അഭിനയിക്കാന്‍ തനിക്ക് തുടക്കത്തില്‍ സാധിച്ചില്ലെന്നും ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളിൽ താൻ ആ കഥാപാത്രമായി മാറാൻ ഏറെ ബുദ്ധിമുട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഒരു ഘട്ടത്തിൽ ശില്പയുടെ മാനറിസം തന്നിൽ നിന്ന് ശരിയായി വരാത്തതിനാല്‍ സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ ദേഷ്യപ്പെട്ട് പാക്ക് അപ് പറഞ്ഞ സംഭവം വരെയുണ്ടായി എന്നും വിജയ് സേതുപതി ഓർത്തെടുക്കുന്നു. സാരി, വിഗ്, ലിപ്സ്റ്റിക് എല്ലാം വെച്ചിട്ടും തനിക്കും ശില്പയ്ക്കും ഇടയില്‍ വലിയ അകലം ഉള്ളതുപോലെ ആണ് തോന്നിയത് എന്നും ആ കഥാപാത്രത്തെ ഉൾക്കൊള്ളാൻ തനിക്കു സാധിക്കുമോ എന്നുള്ള ഭയവും തന്നെ പിടികൂടിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

Advertisement

പതുക്കെ ശില്പയെ ഉള്‍ക്കൊള്ളാന്‍ തുടങ്ങിയ വിജയ് സേതുപതി, പിന്നീട് ശില്പയായി മാറി. ശില്പയെ അവതരിപ്പിച്ചത് തന്റെ ജീവിതത്തിലെ തന്നെ വ്യത്യസ്ത അനുഭവമായിരുന്നു എന്നും അതിനിപ്പോള്‍ ദേശീയ അംഗീകാരം ലഭിച്ചതോടെ ഇരട്ടി സന്തോഷമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഥാപാത്രത്തിന്റെ വലുപ്പച്ചെറുപ്പം നോക്കാതെ അഭിനയിക്കുന്നത്, നടന്‍ ഒരു വട്ടത്തിന്റെ ഉള്ളില്‍ ഒതുങ്ങിക്കൂടാന്‍ പാടില്ല എന്ന കാഴ്ചപ്പാട് താൻ വച്ചുപുലർത്തുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടപ്പെട്ട കഥാപാത്രം വന്നാല്‍ വലിപ്പ ചെറുപ്പം നോക്കാതെയാണ് അഭിനയിക്കുന്നത് എന്നും അതുപോലെ സുഹൃത്തുക്കളെ സഹായിക്കാൻ വേണ്ടിയും ഇമേജ് നോക്കാതെ വേഷങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close