
ആറ്റ്ലി ഒരുക്കുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാനിലേക്ക് വിജയ് സേതുപതി എത്തുന്നു. ഈ മാസം 24ന് ചിത്രത്തിന്റെ ചെന്നൈ ഷെഡ്യൂൾ ആരംഭിക്കുമെന്നും, പ്രതിനായകനായി മക്കൾ സെൽവൻ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. കൂടാതെ, ചെന്നൈ ചിത്രീകരണത്തിൽ ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, നയൻതാര എന്നിവരും ഭാഗമാകും. അതേ സമയം, ‘ജവാന്റെ’ ചിത്രീകരണം നിലവിൽ ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.
രജനികാന്തിനും കമൽഹാസനും ദളപതി വിജയ്ക്കും പ്രതിനായകനായി മികവുറ്റ പ്രകടനം കാഴ്ച വച്ച വിജയ് സേതുപതി കിംഗ് ഖാൻ ചിത്രത്തിൽ നെഗറ്റീവ് റോളിലെത്തുന്നതിനാൽ പ്രേക്ഷകരും അതിയായ ആകാംക്ഷയിലാണ്. ഇതിന് പുറമെ അല്ലു അർജുൻ നായകനായ പുഷ്പയുടെ രണ്ടാം ഭാഗത്തിലും താരം വില്ലനാകുമെന്നാണ് സൂചന.
ജവാനിൽ ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥയായി നയൻതാരയും മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദീപിക പദുക്കോൺ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടാതെ, പ്രിയാമണി, യോഗി ബാബു, സുനില്‍ ഗ്രോവര്‍, സന്യ മല്‍ഹോത്ര തുടങ്ങിയ പ്രമുഖ താരനിരയും ചിത്രത്തിൽ ഭാഗമാകുന്നുണ്ട്.
രാജാറാണി, തെറി, മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തിന് പ്രിയങ്കരനായ സംവിധായകൻ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ജവാൻ. യുവസംഗീതജ്ഞരിൽ പ്രമുഖനായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്സ് നിർമിക്കുന്ന ചിത്രം ഹിന്ദിയിലും തമിഴ്, മലയാളം, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും. അടുത്ത വർഷം ജൂൺ രണ്ടിന് ജവാൻ തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ നിശ്ചയിച്ചിട്ടുള്ളത്.