ശിവാജി ഗണേശന് നൽകാത്ത അവാർഡ് തനിക്കും വേണ്ടെന്ന് വിജയ് സേതുപതി

Advertisement

അഭിനയത്തിലെ വ്യത്യസ്തത കൊണ്ട് തമിഴ് സിനിമയിൽ സ്വന്തമായി ഇടം നേടിയെടുത്ത താരമാണ് വിജയ് സേതുപതി. താരജാഡയില്ലാതെ ആളുകളോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന വിജയ് സേതുപതിക്ക് ആരാധകരേറെയാണ്. സ്വന്തം നിലപാടുകൾ രേഖപ്പെടുത്താൻ അദ്ദേഹം ഒരു മടിയും കാണിക്കാറില്ല. അവാര്‍ഡുകളില്‍ തനിക്ക് വിശ്വാസമില്ലെന്നും തനിക്കത് വേണ്ടെന്നും വിജയ് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ദേശീയ അവാര്‍ഡ് എല്ലാവരും ആഗ്രഹിക്കുന്ന ഒരു അംഗീകാരമാണ്. എന്നാൽ അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ തനിക്ക് ദേശീയ അവാർഡ് പോലും തനിക്ക് വേണ്ടെന്ന് പറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി. ‘നടികർ തിലകം ശിവാജി ഗണേശന് ദേശീയ അവാർഡ് ലഭിച്ചിട്ടില്ല. അദ്ദേഹം വലിയൊരു നടനാണ്. ആരുമായും ശിവാജി ഗണേശനെ താരതമ്യപ്പെടുത്താൻ കഴിയില്ല. അദ്ദേഹം ഓവർ ആക്ടിങ്ങാണെന്ന് ചിലർ പറയുമെങ്കിലും എല്ലാ നടന്മാർക്കും ശിവാജി ഗണേശൻ ഒരു ഡിക്ഷണറിയാണ്. ഏതു കഥാപാത്രം ചെയ്യുന്നതിനും അദ്ദേഹം മടിച്ചുനിന്നിട്ടില്ല. അത്രയ്ക്കും വലിയ നടനാണ്. അദ്ദേഹത്തിനു നൽകാത്ത അവാർഡ് എനിക്കെന്തിനാണെ’ന്നാണ് വിജയ് പറഞ്ഞത്.

Advertisement

അവാര്‍ഡുകളില്‍ വിശ്വാസമില്ലാത്തതിനാൽ അവ വേണ്ടെന്ന് വെക്കുകയായിരുന്നു. അവാർഡ് നിശകളിലും പങ്കെടുക്കേണ്ടെന്ന് പിന്നീട് തീരുമാനിച്ചു. അവാർഡ് നിർണയത്തിൽ രാഷ്ട്രീയ കളികൾ നടക്കുന്നുണ്ടെന്ന് തനിക്ക് മനസ്സിലായതാണ്. അതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനമെന്നും വിജയ് സേതുപതി പറയുന്നു.

മുൻപ് സിനിമ ആരുടേയും തറവാട്ടുസ്വത്തല്ലെന്ന അഭിപ്രായവുമായി താരം രംഗത്ത് വന്നിരുന്നു. സിനിമ ഒരു സമുദായത്തിന്റെ തന്നെ പ്രതിഫലനമാണ്, സിനിമ ഉളളതുകൊണ്ടാണ് ഞങ്ങളുളളത്. അല്ലാതെ ഞങ്ങളുളളതുകൊണ്ടല്ല സിനിമയുളളത്. സിനിമ എല്ലാവരുടെയും പൊതുസ്വത്താണെന്ന് വിജയ് പറയുകയുണ്ടായി. ഇത്തരത്തിൽ എളിമ മായാത്ത വ്യക്തിത്വവുമായി തമിഴ് മക്കളുടെ മക്കൾ സെൽവനാണ് താനെന്ന് ഓരോ തവണയും വിജയ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close