
തമിഴകത്തിന്റെ ദളപതി വിജയ് തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ നൽകിയ ഒരു മറുപടി ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്. ആറു വർഷം മുൻപ് ദളപതി വിജയ്‌യോട് ട്വിറ്ററിൽ ഒരു ആരാധകൻ ചോദിച്ചത് അടുത്തിടെ കണ്ടതിൽ താങ്കൾക്ക് ഏറ്റവുമിഷ്ടപെട്ട രണ്ടു ചിത്രങ്ങൾ ഏതെന്നായിരുന്നു. അതിനു മറുപടിയായി വിജയ് പറയുന്നത് മലയാള ചിത്രം ദൃശ്യവും തമിഴ് ചിത്രം ജിഗർത്തണ്ടയുമാണ് തനിക്കു അടുത്തിടെ ഏറെയിഷ്ടപെട്ട ചിത്രങ്ങളെന്നാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന മോഹൻലാൽ ചിത്രം മലയാളത്തിലെ ബോക്സ് ഓഫീസ് സമവാക്യങ്ങൾ തിരുത്തിയെഴുതിയ ഫാമിലി ത്രില്ലറായിരുന്നു. ആദ്യമായി അമ്പതു കോടി ക്ലബിൽ എത്തിയ മലയാള ചിത്രമായി മാറിയ ദൃശ്യം അതിനു ശേഷം തമിഴിലേക്ക് ഉൾപ്പെടെ ആറോളം ഭാഷകളിലേക്കാണ് റീമേക് ചെയ്തത് . പാപനാശം എന്ന പേരിൽ ദൃശ്യം ശേഷം തമിഴിലേക്ക് കമൽ ഹാസൻ നായകനാക്കി ചിത്രമൊരുക്കിയതും ജീത്തു ജോസഫ് തന്നെയാണ്.

ദളപതി വിജയ് മോഹൻലാലിനൊപ്പം ആദ്യമായി അഭിനയിച്ച ചിത്രം റിലീസ് ചെയ്തതും 2014 ഇൽ ആണ്. 2014 ജനുവരിയിൽ ജില്ലാ എന്ന ആ ചിത്രം റിലീസ് ചെയ്യുമ്പോൾ 2013 ഡിസംബറിൽ റിലീസ് ചെയ്ത ദൃശ്യം കേരളത്തിന് അകത്തും പുറത്തും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുകയായിരുന്നു. ദളപതിയുടെ മറ്റൊരു ഇഷ്ടചിത്രമായിരുന്ന ജിഗർത്തണ്ട സംവിധാനം ചെയ്തത് കാർത്തിക് സുബ്ബരാജ് ആണ്. 2014 ഓഗസ്റ്റ് മാസത്തിൽ റിലീസ് ചെയ്ത ആ ചിത്രത്തിൽ സിദ്ധാർഥ്, ബോബി സിംഹ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോബി സിംഹക്കു മികച്ച സഹനടനുള്ള ദേശീയ പുരസ്‍കാരവും നേടിക്കൊടുത്ത ചിത്രമായിരുന്നു ജിഗർത്തണ്ട.