റീൽ ഹീറോ പരാമർശം; ദളപതി വിജയ് വീണ്ടും ഹൈകോടതിയിലേക്ക്..!

Advertisement

രണ്ടു ദിവസം മുൻപാണ് തമിഴകത്തിന്റെ സൂപ്പർ താരം ദളപതി വിജയ്ക്കു വിമർശനവുമായി ചെന്നൈ ഹൈക്കോടതി എത്തിയത്. ഇറക്കുമതി ചെയ്‌ത കാറിന് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു വിജയ് നൽകിയ ഹർജിയെ വിമർശിച്ച കോടതി വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. 2012 ൽ വിജയ് ഇംഗ്ലണ്ടിൽ നിന്നും വിജയ് റോൾസ് റോയ്സിന്റെ ഗോസ്റ്റ് സീരിസിൽപ്പെട്ട കാർ ഇറക്കുമതി ചെയ്തിരുന്നു. ഒൻപതു കോടിയോളം വിലയുള്ള ആ കാർ ഇറക്കുമതി ചെയ്‌തതിനാണ് വിജയ് ഇളവ് ആവശ്യപ്പെട്ടത്. എന്നാൽ വിജയ്‌യുടെ ആവശ്യം തള്ളിയ കോടതി, സിനിമയിലെ സൂപ്പർതാരങ്ങൾ ജീവിതത്തിൽ വെറും റീൽ ഹീറോയാകരുത് എന്നാണ് പറഞ്ഞത്. സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടുന്ന നായകന്മാരെ അവതരിപ്പിക്കുന്ന നടൻമാർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ന്യായീകരിക്കാൻ സാധിക്കുകയില്ലെന്നും പിഴയായി ഒരു ലക്ഷം രൂപം തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം അധ്യക്ഷനാകുന്ന ബെഞ്ച് നിർദേശിച്ചു.

എന്നാൽ അതേ ആവശ്യവുമായി വിജയ് ഒരിക്കൽ കൂടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും പ്രവേശന നികുതിയുടെ പേരിൽ രജിസ്ട്രേഷൻ വൈകിയതിൽ നടപടി വേണമെന്ന കാര്യം ഉന്നയിക്കുമെന്നും വിജയ്‌യുടെ അഭിഭാഷകൻ അറിയിച്ചു. അതുപോലെ തന്നെ കോടതിയുടെ റീൽ ഹീറോ പരാമർശം വിജയ്‌യെ ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിൻവലിക്കണമെന്നും ചൂണ്ടികാട്ടി മദ്രാസ് ഹൈകോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ബീസ്റ്റ് ആണ് വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം. അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. അടുത്ത വർഷം ജനുവരിയിൽ ആണ് ബീസ്റ്റ് റിലീസിന് എത്തുക. വിജയ്‌യുടെ ഈ വർഷത്തെ റിലീസ് ലോകേഷ് കനകരാജ് ഒരുക്കിയ മാസ്റ്റർ ആയിരുന്നു. വമ്പൻ വിജയമാണ് മാസ്റ്റർ നേടിയെടുത്തത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close