
ഇന്ന് തമിഴകത്തെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് ദളപതി വിജയ്. വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്കു കുതിക്കുന്ന ഈ താരം തന്റെ വിനയത്തോടെയുള്ള പെരുമാറ്റത്തിന്റെ പേരിലും ആരാധകരോടും സഹപ്രവർത്തകരോടും കാണിക്കുന്ന സ്നേഹത്തിന്റെ പേരിലും ഏറെ കയ്യടി നേടിയിട്ടുള്ള താരം കൂടിയാണ്. ഇപ്പോഴിതാ ദളപതി വിജയ്‌ക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുള്ള മലയാളത്തിന്റെ സ്വന്തം ഗിന്നസ് പക്രു വിജയ് എന്ന മനുഷ്യനെ കുറിച്ച് മനസ്സ് തുറക്കുകയാണ്. ദളപതി വിജയ്ക്ക് ഗിന്നസ് റെക്കോർഡ് കിട്ടുകയാണെങ്കിൽ അതെന്തിനുള്ളത് ആയിരിക്കുമെന്ന അവതാരകന്റെ ചോദ്യത്തിനാണ് ഗിന്നസ് പക്രു മറുപടി പറയുന്നത്. പച്ചയായ മനുഷ്യനുള്ള ഗിന്നസ് റെക്കോർഡായിരിക്കും വിജയ്ക്ക് കിട്ടുക എന്നാണ് ഗിന്നസ് പക്രു പറയുന്നത്.
വളരെ വേഗമാണ് വിജയ് തന്റെ സഹപ്രവർത്തകരോട് അടുക്കുന്നതെന്നും നാല്പത്തിയെട്ടു ദിവസം സൂര്യയുടെ കൂടെ അഭിനയിച്ചപ്പോൾ താൻ അദ്ദേഹത്തോട് അടുത്തതിനേക്കാളും കൂടുതൽ അടുപ്പം വെറും നാല് ദിവസം കൊണ്ട് വിജയ് ഉണ്ടാക്കിയെടുത്തുവെന്നും ഗിന്നസ് പക്രു പറയുന്നു. നല്ലൊരു മനസ്സിന് ഉടമയാണ് വിജയ് എന്നാണ് ഗിന്നസ് പക്രു പറയുന്നത്. ഇപ്പോഴും താൻ അദ്ദേഹത്തെ വിളിക്കാറുണ്ട് എന്നും നമ്മൾ വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ അദ്ദേഹം നമ്മളെ തിരിച്ചു വിളിക്കുമെന്നും ഗിന്നസ് പക്രു പറയുന്നു. പ്രശസ്ത മലയാള സംവിധായകൻ സിദ്ദിഖ് വിജയ്‌യെ നായകനാക്കി ഒരുക്കിയ കാവലൻ എന്ന തമിഴ് ചിത്രത്തിലാണ് ഗിന്നസ് പക്രു അദ്ദേഹത്തിനൊപ്പം അഭിനയിച്ചത്. ദിലീപ് നായകനായ മലയാള ചിത്രം ബോഡി ഗാർഡിന്റെ തമിഴ് റീമേക് ആയിരുന്നു കാവലൻ. നടിപ്പിൻ നായകൻ സൂര്യക്കൊപ്പം ഏഴാം അറിവ് എന്ന എ ആർ മുരുഗദോസ് ചിത്രത്തിലും അഭിനയിച്ചിട്ടുള്ള ഗിന്നസ് പക്രു വേറെ നാല് തമിഴ് ചിത്രങ്ങളിൽ കൂടി അഭിനയിച്ചിട്ടുണ്ട്.