കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഈ കഴിഞ്ഞ മാർച്ച് മാസം മുതൽ ഇന്ത്യയിൽ തീയേറ്ററുകൾ അടഞ്ഞു കിടക്കുകയാണ്. ഇപ്പോൾ 4 മാസത്തിനു ശേഷം സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും അതുപോലെ ചില ചെറിയ ചിത്രങ്ങളുടെ ഷൂട്ടിങ്ങും സർക്കാർ ചട്ടങ്ങൾക്ക് അനുസൃതമായി ആരംഭിച്ചിരുന്നവെങ്കിലും തീയേറ്ററുകൾ ഉടൻ എങ്ങും തുറക്കാൻ സാധ്യതയില്ല. അടുത്ത മാസം മുതൽ തീയേറ്ററുകൾ തുറക്കാൻ അനുവദിച്ചേക്കും എന്നു റിപ്പോർട്ടുകൾ ഉണ്ടെങ്കിലും കോവിഡ് 19 സമൂഹ വ്യാപനം ഉണ്ടാകുമോ എന്ന സംശയം ഉള്ളതിനാൽ ഇതുവരെ അക്കാര്യത്തിൽ സർക്കാർ വൃത്തങ്ങൾ തീരുമാനം എടുത്തിട്ടില്ല. വ്യത്യസ്ത ഭാഷകളിലായി ഒട്ടേറെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളടക്കം ഇപ്പോൾ റീലീസ് കാത്തു കിടക്കുകയുമാണ്. ഏപ്രിലിൽ റിലീസ് ചെയ്യാനിരുന്ന മാസ്റ്റർ എന്ന വിജയ് ചിത്രവും അടുത്ത വർഷത്തേക്ക് റിലീസ് മാറ്റിയിരുന്നു.
ഇപ്പോഴിതാ വിദേശ രാജ്യങ്ങളിൽ തീയേറ്റർ തുറക്കുന്നു എന്ന വാർത്തകളാണ് വരുന്നത്. ശ്രീലങ്ക, മലേഷ്യ തുടങ്ങിയ തമിഴ് ജനത കൂടുതലുള്ള രാജ്യങ്ങളിൽ വിജയ്‌യുടെ ചിത്രങ്ങൾ റീ റിലീസ് ചെയ്ത് കൊണ്ടാണ് തീയേറ്ററുകൾ തുറന്നിരിക്കുന്നത്. ശ്രീലങ്കയിൽ വിജയ് ചിത്രം ബിഗിൽ റീ റിലീസ് ചെയ്തപ്പോൾ മലേഷ്യയിൽ ബിഗിൽ, സർക്കാർ, മേർസൽ എന്നിവയാണ് റീ റിലീസ് ചെയ്തത്. അതുപോലെ ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ തീയേറ്ററുകൾ തുറന്നപ്പോഴും ബിഗിൽ നിയന്ത്രിതമായ രീതിയിൽ റീ റിലീസ് ചെയ്തിരുന്നു. കോവിഡ് 19 വ്യാപനം ആരംഭിച്ച ചൈനയിൽ നിന്നും, ഇപ്പോൾ സാമൂഹിക അകലം പാലിച്ചു കൊണ്ട് പ്രേക്ഷകരെ ഉൾകൊള്ളിച്ചു തീയേറ്ററുകൾ തുറന്നു പ്രവർത്തിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഏതായാലും ഇന്ത്യയിലും ഒരുപാട് വൈകാതെ ഈ കാര്യത്തിൽ ഒരു തീരുമാനം അറിയാൻ കഴിയും എന്ന പ്രതീക്ഷയിലാണ് സിനിമാ പ്രവർത്തകരും പ്രേക്ഷകരും.