സൗജന്യ ചികിത്സ നടപ്പാക്കിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടൻ വിജയ്‌യുടെ പിതാവ് എസ് എ ചന്ദ്രശേഖർ

Advertisement

കേരള സർക്കാരിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് നടൻ വിജയ്‌യുടെ പിതാവും പ്രമുഖ തമിഴ് സംവിധായകനുമായ എസ് എ ചന്ദ്രശേഖർ. കേരള സര്‍ക്കാര്‍ ഒട്ടനവധി നല്ല കാര്യങ്ങളാണ് നടപ്പിലാക്കുന്നത്. കേരളത്തിലേത് മികച്ച ഭരണമാണ്. അപകടത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് ആദ്യ 48 മണിക്കൂറില്‍ സൗജന്യ ചികിത്സ ഏര്‍പ്പെടുത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. വിജയ് ഫാന്‍സ് അസോസിയേഷന്‍ തിരുവനന്തപുരം ഘടകം അദ്ധ്യക്ഷനായിരുന്ന ലൗവ് ടുഡേസ് ശ്രീനാഥിനെ അനുസ്മരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ചന്ദ്രശേഖര്‍. കഴിഞ്ഞ ഒക്ടോബറിൽ ഒരു വാഹനാപകടത്തിലാണ് ശ്രീനാഥ് മരിച്ചത്. ശ്രീനാഥിന്റെ ജീവിതമാണ് പോക്കിരി സൈമണ്‍ സിനിമയില്‍ അപ്പാനി ശരത് ചെയ്ത ലൗവ് ടുഡേസ് ഗണേഷ് എന്ന കഥാപാത്രത്തിന് പ്രചോദമായത്.

വിജയ് ചിത്രം മെര്‍സലുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും ചന്ദ്രശേഖര്‍ പ്രതികരിക്കുകയുണ്ടായി. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പണമില്ലാത്തവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മെര്‍സല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. മെര്‍സല്‍ ഇത്രയും വലിയ ചര്‍ച്ചയായത് ജി.എസ്.ടി വിവാദം കാരണമാണെന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. നന്നായി എടുത്ത ഒരു സിനിമയാണിത്. ഒരു സിനിമ എന്നാല്‍ നല്ല സന്ദേശം പ്രേക്ഷകര്‍ക്ക് നല്‍കണമെന്നും ചിത്രത്തിന് എതിരായി നടന്ന പ്രചരണം സിനിമയ്ക്ക് ഗുണം ചെയ്തുവെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. അതേസമയം കമൽഹാസന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് ഒന്നും തന്നെ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. കമല്‍ഹാസന്‍ ഞങ്ങള്‍ അടങ്ങുന്ന സിനിമ കുടുംബത്തിലെ അംഗമാണ്. മഹാനായ നടനാണ് കമല്‍. തമിഴ്‌നാട് രാഷ്ട്രീയത്തിൽ മാറ്റം ഉണ്ടാകണമെന്നും ചന്ദ്രശേഖര്‍ വ്യക്തമാക്കി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close