കേരളത്തിലെ മാസ്റ്റർ റിലീസ്; മോഹൻലാലിനെ വിളിച്ചു സഹായമഭ്യർത്ഥിച്ചു ദളപതി വിജയ്.

Advertisement

ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന തമിഴ് ചിത്രം ജനുവരി പതിമൂന്നിന് ലോകം മുഴുവൻ റിലീസ് ചെയ്യുകയാണ്. എന്നാൽ കേരളത്തിൽ ഇപ്പോഴും തീയേറ്ററുകൾ തുറക്കുന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ മാസ്റ്റർ റിലീസ് ഇവിടെ ഉണ്ടാവാതെയിരിക്കുമോ എന്ന ആശങ്കയിലാണ് ദളപതി വിജയ് ആരാധകരും സിനിമാ പ്രേമികളും. കഴിഞ്ഞ ദിവസം നടന്ന തീയേറ്റർ ഉടമകളുടെ യോഗത്തിൽ നാളെ മുഖ്യമന്ത്രിയുമായി നടക്കുന്ന ചർച്ചയുടെ ഫലത്തിന്റെ അടിസ്ഥാനത്തിൽ തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഒരു ചിത്രത്തിന് മാത്രമായി തീയേറ്റർ തുറക്കാൻ ഇപ്പോൾ കഴിയില്ല എന്നുമുള്ള തീരുമാനങ്ങളാണ് വന്നത്. എന്നാൽ ഇപ്പോഴിതാ ഈ കാര്യത്തിൽ എത്രയും വേഗം അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുന്നതിനു വേണ്ടി മലയാളത്തിന്റെ സൂപ്പർ താരമായ മോഹൻലാലുമായി സംസാരിച്ചിരിക്കുകയാണ് ദളപതി വിജയ് എന്ന റിപ്പോർട്ടാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മോഹൻലാലുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്ന വിജയ്, അദ്ദേഹത്തെ ഇന്ന് ഫോണിൽ ബന്ധപ്പെടുകയും ഇപ്പോൾ നടക്കുന്ന ഈ തീയേറ്റർ വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ സഹായിക്കണമെന്ന് അഭ്യര്ഥിക്കുകയുമായിരുന്നു എന്നാണ് ഫേസ്ബുക്, ട്വിറ്റെർ, വാട്സാപ്പ് എന്നിവിടങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജില്ലാ എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ചിട്ടുള്ള മോഹൻലാലും വിജയ്‌യും തിരശീലക്കു പുറത്തും ഏറെ സൗഹൃദം പുലർത്തുന്ന വ്യക്തികളാണ്. അതുകൊണ്ട് തന്നെ മോഹൻലാലുമായി വിജയ് സംസാരിച്ചതോടെ, മോഹൻലാൽ ഇടപെട്ടു എത്രയും വേഗം തീയേറ്റർ വിവാദം അവസാനിക്കുമെന്നും മാസ്റ്റർ ജനുവരി പതിമൂന്നിന് തന്നെ കേരളത്തിലും റിലീസ് ചെയ്യുമെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. മലയാളത്തിലെ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയാണ് മോഹൻലാൽ. അത് കൂടാതെ മലയാളത്തിലെ നിർമ്മാതാക്കളുടേയും സംവിധായകരുടേയും വിതരണക്കാരുടേയും തീയേറ്റർ ഉടമകളുടേയും സംഘടനയിലും മറ്റാരേക്കാളും സ്വാധീനമുള്ള മലയാള നടൻ കൂടിയാണ് അദ്ദേഹം. ഇപ്പോൾ വൈറലാവുന്ന റിപ്പോർട്ടുകൾ പറയുന്നത് മോഹൻലാൽ ഈ പ്രശ്‌നത്തിൽ ഒരു രമ്യതക്കുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞെന്നും മാസ്റ്റർ റിലീസ് കേരളത്തിൽ തടസ്സം കൂടാതെ തന്നെ നടക്കുമെന്നുമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close