
മലയാള സിനിമയിൽ പുതുമുഖങ്ങളെ ഏറെ പിന്തുണക്കുന്ന പ്രൊഡക്ഷൻ കമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൗസ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ കുറെയേറെ യുവാക്കൾക്ക് അവസരം നൽകാൻ ഇവർക്ക് സാധിച്ചു. സാന്ദ്ര തോമസ്- വിജയ് ബാബു എന്നിവർ ചേർന്നായിരുന്നു ഫ്രൈഡേ ഫിലിം ഹൗസ് എന്ന പ്രൊഡക്ഷൻ കമ്പനി നടത്തിയിരുന്നത്, എന്നാൽ പല കാരണങ്ങളാൽ അവർ തെറ്റി പിരിയുകയും ഉടമസ്ഥത അവകാശം പൂർണ്ണമായും വിജയ് ബാബുവിന് സ്വന്തമായി. കഴിഞ്ഞ വർഷം ആട് 2ഉം , അങ്കമാലി ഡയറീസും ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ പുറത്തിറങ്ങിയിരുന്നു. 2018 ലെ ആദ്യ പ്രോജക്റ്റ് വിജയ് ബാബു അന്നൗൻസ് ചെയ്യുകയുണ്ടായി. ‘ജൂൺ’ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ജൂലൈ 11ന് ആരംഭിക്കും. പുതുമുഖ താരങ്ങളെ കേന്ദ്രികരിച്ചു ഒരുക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ ചില മുൻനിര താരങ്ങളും വേഷമിടുന്നുണ്ട്.
വിജയ് ബാബുവിന്റെ കുറിപ്പിന്റെ പൂർണരൂപം : –
“ഇക്കാലമത്രയും മികച്ച ഒരുപിടി ടെക്നീഷ്യൻസ് ഉൾപ്പെടെ നൂറിൽപ്പരം പുതുമുഖങ്ങൾക്ക് അവരുടെ ആദ്യ അവസരം നൽകിയ ഫ്രൈഡേ ഫിലിം ഹൗസ് ഞങ്ങളുടെ പത്താമത്തെ പ്രോജക്ടിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ അഭിമാനത്തോടെ നിങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുകയാണ്.
‘ജൂൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലും പരിചിതമായ നിങ്ങളുടെ പ്രിയ താരങ്ങളോടൊപ്പം, ഒരുപിടി പ്രതിഭാധനരായ പുതുമുഖങ്ങളെക്കൂടി മലയാള സിനിമയ്ക്ക് ഞങ്ങൾ സംഭാവന ചെയ്യുകയാണ്. സമാന്തരമായി പതിനൊന്നാമത്തെ പ്രോജക്ട് ഉടനെതന്നെ ആരംഭിക്കുന്നതും തുടർന്ന് നിങ്ങൾക്ക് അറിവുള്ളതുപോലെ കോട്ടയം കുഞ്ഞച്ചൻ 2, ആട് 3 എന്നീ പ്രോജക്ടുകളും ഉണ്ടായിരിക്കുന്നതാണ്.
ഏറെ സർപ്രൈസുകളുളള ‘ജൂൺ’ ജൂലൈ 11 മുതൽ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. എക്കാലത്തേയും പോലെ ഏവരുടെയും സ്നേഹസഹകരണങ്ങളും, പ്രാർത്ഥനകളും ഞങ്ങൾക്കൊപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.. ”
അങ്കമാലി ഡയറീസ് പോലെ പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന മറ്റൊരു ചിത്രം കൂടിയായിരിക്കും ‘ജൂൺ’. ഫ്രൈഡേ ഫിലിംസിന്റെ രണ്ട് വലിയ പ്രോജക്റ്റുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മമ്മൂട്ടിയെ നായകനാക്കി ‘കോട്ടയം കുഞ്ഞച്ചൻ’ രണ്ടാം ഭാഗവും, ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ‘ആട് 3’ഉം അണിയറയിലുണ്ട്. മുഴുനീള 3ഡി ചിത്രമായിട്ടായിരിക്കും ‘ആട് 3’ പ്രദർശനത്തിനെത്തുക.