
കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം കൊച്ചിയിൽ അമ്മയുടെ ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്നത്. സംഘടനയിലെ ഭൂരിഭാഗം അംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ വെച്ച് നടൻ സുരേഷ് ഗോപിയുടെ ജന്മദിനവും ആഘോഷിച്ചു. എന്നാൽ ഇന്നലെ ഏറെ വാർത്താ പ്രാധാന്യം നേടിയ രണ്ടു കാര്യങ്ങൾ, നടൻ ഷമ്മി തിലകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള സംഘടന തീരുമാനവും അതുപോലെ തന്നെ, നടിയുടെ പീഡന പരാതിയിൽ പോലീസ് കേസ് നേരിടുന്ന നടൻ വിജയ് ബാബു യോഗത്തിൽ പങ്കെടുത്തതുമാണ്. വിജയ് ബാബു യോഗത്തിൽ പങ്കെടുത്തതിന്റെ കുറിച്ചും അദ്ദേഹത്തെ സംഘടനയിൽ നിന്ന് എന്തുകൊണ്ട് പുറത്താക്കില്ല എന്നതിനെ കുറിച്ചും ഇടവേള ബാബു, സിദ്ദിഖ് തുടങ്ങിയ സംഘടന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതി ഇപ്പോൾ ബഹുമാനപ്പെട്ട കോടതിയുടെ പരിഗണനയിലാണെന്നും, കോടതി വിധി വരുന്നതിന് മുമ്പ് അദ്ദേഹത്തെ പുറത്താക്കണോ വേണ്ടയോ എന്ന കാര്യത്തിൽ എടുത്തു ചാടി ഒരു തീരുമാനം എടുക്കാനാവില്ലയെന്നുമാണ് അമ്മ ഭാരവാഹികൾ അറിയിച്ചത്. വിജയ് ബാബു നിരവധി ക്ലബ്ബുകളില്‍ അംഗമാണെന്നും, അമ്മയും ഒരു ക്ലബ് ആണെന്നും ഇടവേള ബാബു പറയുന്നു. മറ്റു ക്ലബുകളൊന്നും വിജയ് ബാബുവിനെ പുറത്താക്കിയിട്ടില്ലായെന്നും, അത്കൊണ്ട് തന്നെ അമ്മയിൽ നിന്ന് പുറത്താക്കണമെന്ന് പറയുന്നതിൽ കാര്യമില്ലായെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു. വിജയ് ബാബുവിന്റെ വിഷയത്തില്‍ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് കുറച്ച് അംഗങ്ങൾ രാജി വെച്ചിരുന്നു. അവരുടെ രാജി സ്വീകരിച്ചെന്നും, അതുപോലെ ഇനി അമ്മക്ക് മാത്രമായി ഒരു പരാതി പരിഹാര സെൽ ഉണ്ടാവില്ലായെന്നും, പകരം സിനിമയ്ക്കു മൊത്തമായി ഫിലിം ചേംബറിനു കീഴില്‍ ഒരു പരാതി പരിഹാര സെൽ ഉണ്ടാവുകയും, അതിൽ അമ്മയിൽ നിന്നും അംഗങ്ങൾ ഉണ്ടാവുകയുമാണ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോട്ടോ കടപ്പാട്: ഫേസ്ബുക്(Association Of Malayalam Movie Artists)