സ്ഫടികം ടീം വീണ്ടും ഒന്നിക്കുന്നു;മോഹൻലാലുമൊത്ത് ഒരു പാൻ ഇന്ത്യൻ ചിത്രവുമായി ഭദ്രൻ ?

Advertisement

സ്ഫടികം എന്ന ക്ലാസിക് ബ്ലോക്ക്ബസ്റ്റർ മലയാളികൾക്ക് നൽകിയ ടീമാണ് മോഹൻലാൽ- ഭദ്രൻ കൂട്ടുകെട്ട്. 1995 ഇൽ റിലീസ് ചെയ്ത സ്ഫടികം എന്ന ചിത്രത്തിനും അതിലെ മോഹൻലാൽ കഥാപാത്രമായ ആട് തോമക്കും ഇന്നും മലയാളി പ്രേക്ഷകർക്കിടയിൽ വമ്പൻ ജനപ്രീതിയാണുള്ളത്. ഇപ്പോൾ സ്ഫടികം ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൊണ്ട് റീമാസ്റ്റർ ചെയ്ത് പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഭദ്രൻ. റീമാസ്റ്ററിങ് ജോലികൾ പൂർത്തിയായ ഈ ചിത്രം ഒരുപാട് വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന. അതോടൊപ്പം വീണ്ടും സംവിധായകനായി എത്താനുള്ള ഒരുക്കത്തിൽ കൂടിയാണ് ഭദ്രൻ. മൂന്ന്- നാല് ചിത്രങ്ങൾ ചർച്ചയിലാണെന്നും, അതിലൊന്ന് മോഹൻലാൽ നായകനായ ചിത്രമാണെന്നും ഭദ്രൻ പറയുന്നു. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമാണ് അതെന്നും അതിന്റെ പണിപ്പുരയിലാണ് താനെന്നും ഭദ്രൻ വെളിപ്പെടുത്തി.

വ്യത്യസ്തമായ ലുക്കിലായിരിക്കും മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്നും, കുറ്റിത്താടിയിൽ ആയിരിക്കും അദ്ദേഹം ഈ ചിത്രത്തിൽ എത്തുക എന്നും ഭദ്രൻ പറയുന്നു. മോഹൻലാൽ ചിത്രം കൂടാതെ സൗബിൻ ഷാഹിർ നായകനായ ജൂതൻ എന്ന ചിത്രവും ഭദ്രൻ പ്ലാൻ ചെയ്യുന്നുണ്ട്. ഏതായാലും ഒരുപാട് വൈകാതെ അദ്ദേഹം സംവിധാനം ചെയ്യുന്ന ഏതെങ്കിലും ഒരു ചിത്രം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. മലയാള സിനിമയിലെ പെർഫെക്ഷനിസ്റ്റ് ആയ സംവിധായകരിൽ ഒരാളായാണ് ഭദ്രൻ അറിയപ്പെടുന്നത്. മേക്കിങ്ങിൽ അദ്ദേഹം പുലർത്തുന്ന കണിശത അത്ര വലുതാണ്. അങ്കിൾ ബൺ, അയ്യർ ദി ഗ്രേറ്റ്, ഒളിമ്പ്യൻ അന്തോണി ആദം എന്നിവയൊക്കെ ഭദ്രന്റെ കയ്യൊപ് പതിഞ്ഞ ചിത്രങ്ങളാണ്. മോഹൻലാലിനെ നായകനാക്കിയാണ് ഭദ്രൻ കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ളത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close