പാർവതി തിരുവോത്ത് നായികയായ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചു; ‘ദേശവിരുദ്ധ’മെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗം

Advertisement

പാര്‍വതി തിരുവോത്ത് നായികയായ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. ആര്യാടന്‍ ഷൗക്കത്തിന്‍റെ തിരക്കഥയില്‍ സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്‍ത വര്‍ത്തമാനം എന്ന സിനിമയ്ക്കാണ് പ്രദര്‍ശനാനുമതി ഇല്ലാത്തത്. സിനിമയുടെ പ്രമേയം രാജ്യവിരുദ്ധമാണെന്നും അത് മതസൗഹാർദ്ദത്തെ തകർക്കുന്നതാണെന്നുമാണ് സെൻസർ ബോർഡ് ആരോപിക്കുന്നത്. ചിത്രത്തില്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന ഫാസിയ സൂഫിയ എന്ന കഥാപാത്രത്തെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ജെ.എന്‍.യു, കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്നതിനാലാണ് പ്രദർശനാനുമതി ലഭിക്കാത്തതെന്നാണ് റിപ്പോർട്ട്. സെൻസർ ബോർഡ് അറിയിച്ചത് പ്രകാരം ചിത്രം കൂടുതല്‍ പരിശോധനക്കായി റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. ഇനി സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാൻ്റെ തീരുമാനം പുറത്ത് വരും വരെയ്ക്കും ചിത്രം പ്രദര്‍ശിപ്പിക്കാനാകില്ലെന്നും റിപ്പോർട്ടുണ്ട്. മുംബൈയിലെ സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിയാണ് ഇനി അനുമതി നല്‍കേണ്ടത്. പ്രദര്‍ശനാനുമതി നല്‍കണമോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ട ചുമതല റിവ്യൂ കമ്മിറ്റിയ്ക്കാണ്.

നിവിന്‍ പോളി നായകനായെത്തിയ സഖാവ് എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ത്തമാനം. പാർവതി, റോഷന്‍ മാത്യു, സിദ്ദിഖ്, നിര്‍മ്മല്‍ പാലാഴി എന്നിവർക്കൊപ്പം ഒട്ടേറെ തെന്നിന്ത്യൻ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാക്കള്‍ ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കേരളത്തിലും ഡൽഹിയിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close