
രണ്ടു ദിവസം മുൻപാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി പ്രശസ്ത നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത വർണ്യത്തിൽ ആശങ്ക എന്ന ചിത്രം പ്രദർശനത്തിനെത്തിയത്. ആദ്യ ദിവസത്തെ ആദ്യ ഷോ മുതൽ തന്നെ ഗംഭീര പ്രേക്ഷകാഭിപ്രായമാണ് ഈ ചിത്രം നേടിയെടുത്തത്.
അത് മാത്രമല്ല ഓരോ ദിവസം കഴിയുംതോറും ജന തിരക്കും വർധിക്കുകയാണ്. ബോക്സ് ഓഫീസിൽ നേടുന്ന വൻ വിജയത്തിനൊപ്പം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിലും വർണ്യത്തിൽ ആശങ്ക സ്ഥാനം പിടിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയിലും മറ്റുമുള്ള പ്രേക്ഷക പ്രതികരണം അത്രക്ക് മികച്ചതാണ്. ആക്ഷേപ ഹാസ്യ ചിത്രമായി ഒരുക്കിയ വർണ്യത്തിൽ ആശങ്ക മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ ചിത്രങ്ങളിൽ ഒന്നാണ് എന്ന് പ്രേക്ഷകർ തന്നെ വിധിയെഴുതി കഴിഞ്ഞു.
പ്രേക്ഷകരുടെ അഭിപ്രായങ്ങൾ
പ്രേക്ഷക മനസ്സുകൊണ്ട് കൊടുക്കുന്ന അഭിനന്ദനം ആണ് ഏറ്റവും വലിയ അവാർഡ് എന്ന ബഹുമതി ഇതിനോടകം തന്നെ ഈ ചിത്രം നേടി കഴിഞ്ഞു . മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ ചിത്രമായി പരിഗണിക്കപ്പെടുന്നത് ഒരുപാട് വര്ഷങ്ങള്ക്കു മുൻപ് പുറത്തു വന്ന പഞ്ചവടിപ്പാലം എന്ന ചിത്രത്തെയാണ്.
ഭരത് ഗോപി , ശ്രീനിവാസൻ, തിലകൻ, വേണു നാഗവള്ളി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് കെ ജി ജോർജ് ആണ്. പഞ്ചവടി പാലത്തിനു ശേഷം കണ്ട ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ ചിത്രങ്ങളിൽ ഒന്നാണ് വർണ്യത്തിൽ ആശങ്ക എന്നാണ് പ്രേക്ഷകർ പറയുന്നത്.
കാരണം പഞ്ചവടി പാലം എന്നത് മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്. ആ ചിത്രത്തോട് താരതമ്യപ്പെടുത്തുകയും അതുപോലെ ഇഷ്ടമായി എന്ന പ്രതികരണം നേടി എടുക്കുകയും ചെയ്യുക എന്നത് ഏതു വലിയ അവാർഡിനേക്കാളും വലിയ കാര്യം ആണ്.
നമ്മുടെ നാട്ടിൽ നടക്കുന്ന ഹർത്താലുകൾ , രാഷ്ട്രീയ അക്രമങ്ങൾ , ചിരിച്ചു കൊണ്ട് കട്ട് തിന്നുന്ന രാഷ്ട്രീയക്കാർ എന്നിവരെ വളരെ രസകരമായി കളിയാക്കിയിട്ടുണ്ട് വർണ്യത്തിൽ ആശങ്കയിലൂടെ. ചിരിയും ചിന്തയും ആവേശവും ഒരുപോലെ സമ്മാനിക്കാൻ കഴിഞ്ഞതാണ് ഈ ചിത്രത്തെ പ്രേക്ഷക പ്രിയമാക്കിയത്.
കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ മിന്നുന്ന പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയപ്പോൾ മണികണ്ഠൻ ആചാരി, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, രചന നാരായണൻകുട്ടി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും ഭംഗിയാക്കി.
ജയേഷ് നായർ നൽകിയ ദൃശ്യങ്ങളും , പ്രശാന്ത് പിള്ളയുടെ സംഗീതവും എല്ലാത്തിലുമുപരി തൃശൂർ ഗോപാല്ജി ഒരുക്കിയ തിരക്കഥയും ചിത്രത്തിന ഉയർത്തിയത് മികവിന്റെ മറ്റൊരു തലത്തിലേക്കാണ്.