കുടുംബ പ്രേക്ഷകരുടെ മനം കവർന്ന് ‘വള’; തിയേറ്ററുകൾ തോറും ഹൃദ്യമായ പ്രതികരണം

Advertisement

സ്വർണ്ണത്തേക്കാൾ, വജ്രത്തേക്കാൾ, അനേകമനേകം രത്നങ്ങളേക്കാൾ മൂല്യമേറിയ ഒരു വള! ചരിത്രത്തിന്‍റെ എണ്ണിയാലൊടുങ്ങാത്ത രഹസ്യങ്ങള്‍ അടങ്ങുന്നൊരു ആഭരണം. കാലം മാറി… ഋതുക്കൾ മാറി… സംവത്സരങ്ങള്‍ മാറി… അങ്ങനെ ചുറ്റുമുള്ളതൊക്കെയും മാറി… ഒടുവിൽ ആ വള ചരിത്രാതീത കാലത്ത് നിന്നും വർത്തമാനകാലത്ത് എത്തി നിൽക്കുകയാണ്. ആ വളയെ വട്ടമിട്ട് ചുറ്റിത്തിരിയുകയാണ് ഏതാനും മനുഷ്യർ. അവരുടെ സന്തോഷങ്ങളുടേയും സങ്കടങ്ങളുടേയും പ്രശ്നങ്ങളുടേയും ദുരൂഹതകളുടേയും രഹസ്യങ്ങളുടേയുമൊക്കെ സംഭവ ബഹുലമായ കഥയുമായി എത്തിയിരിക്കുന്ന ‘വള’ എന്ന ചിത്രം തിയേറ്ററുകളിൽ പ്രേക്ഷക പിന്തുണയിൽ മുന്നേറുകയാണ്.

പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹഷിൻ ഒരുക്കിയിരിക്കുന്ന രണ്ടാമത്തെ ചിത്രം ഒരു ടോട്ടൽ ഫീൽഗുഡ് ഫൺ ഫാമിലി ത്രില്ലിങ്ങ് എന്‍റ‍ർടെയ്നറാണ് എന്ന പ്രേക്ഷകരുടെ സാക്ഷ്യം. ഉണ്ട’, ‘പുഴു’ തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ തിരക്കഥാകൃത്തായ ഹ‌‍ർഷദാണ് ‘വള’യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. പല കാലങ്ങളിൽ കെട്ടുപിണഞ്ഞുകിടക്കുന്നൊരു കഥയ്ക്ക് ഏറെ മികച്ചൊരു ദൃശ്യഭാഷയാണ് ഇരുവരും ചേർന്ന് ഒരുക്കിയിട്ടുള്ളത്. രസകരമായതും പിടിച്ചിരുത്തുന്നതുമായ കഥാഗതിയാണ് സിനിമയുടേത്.

Advertisement

ധ്യാൻ ശ്രീനിവാസനും ലുക്മാനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. പരസ്പരം മത്സരിച്ചാണ് ഇരുവരും അഭിനയിച്ചിരിക്കുന്നത്. രാഷ്ട്രീയക്കാരനായി ധ്യാനും പോലീസ് വേഷത്തിൽ ലുക്മാനും തങ്ങൾക്ക് ലഭിച്ച വേഷങ്ങള്‍ മനോഹരമാക്കിയിട്ടുണ്ട്. രവീണ രവി, ശീതൾ ജോസഫ് എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തിയിരിക്കുന്നത്. ഇരുവരും പെർഫെക്ട് കാസ്റ്റിങ്ങാണ്. വിജയരാഘവനും ശാന്തികൃഷ്ണയും ഏറെ ശ്രദ്ധേയമായ വേഷത്തിൽ ചിത്രത്തിലുണ്ട്. പ്രേക്ഷകരുമായി ഏറെ ഇമോഷണലി കണക്ടാകുന്ന അഭിനയമുഹൂർത്തങ്ങളാണ് ഇവരുടേത് എന്ന് നിസ്സംശയം പറയാം. അബു സലീം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലൻ തുടങ്ങി നിരവധി താരങ്ങൾ തങ്ങള്‍ക്ക് ലഭിച്ച വേഷങ്ങള്‍ ശ്രദ്ധേയമായി സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്.

സംഗീതസംവിധായകനായ ഗോവിന്ദ് വസന്ത ഏറെ ശ്രദ്ധേയമായ വേഷത്തിൽ ചിത്രത്തിലുണ്ട്. കലിപ്പ് ലുക്കിലുള്ളൊരു പ്രതിനായക വേഷത്തിലാണ് എത്തിയിരിക്കുന്നതെങ്കിലും നെഗറ്റീവ് വേഷങ്ങളിലുള്ള ക്ലീഷേ രീതിയിലല്ല ഇത് അവതരിപ്പിച്ചിരിക്കുന്നത്. അഫ്നാസ് വിയുടെ ഛായാഗ്രഹണ മികവ് എടുത്തുപറയേണ്ടതാണ്. സിദ്ദിഖ് ഹൈദറിന്‍റെ എഡിറ്റിംഗും ഗോവിന്ദ് വസന്തയുടെ സംഗീതവും സിനിമയുടെ ടോട്ടൽ മൂഡിനോട് ചേർന്നുനീങ്ങുന്നതാണ്. ഫെയർബെ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വേഫറര്‍ ഫിലിംസാണ് വിതരണം.തീർച്ചയായും ഫാമിലിയോടൊപ്പം ഒന്നിച്ചാസ്വദിച്ച് കാണാനാകുന്നൊരു വേറിട്ട രീതിയിലുള്ളതും ത്രില്ലടിപ്പിക്കുന്നതുമായ എന്‍റർടെയ്നറാണ് ചിത്രം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close