ഈ കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിലൊന്നാണ് വാശി. ടോവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ നായകനും നായികയുമായി എത്തിയ ഈ കോർട്ട് റൂം ഡ്രാമ ഇപ്പോൾ മികച്ച വിജയമാണ് നേടുന്നത്. നവാഗതനായ വിഷ്ണു ജി രാഘവ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് ജാനിസ് ചാക്കോ സൈമൺ ആണ്. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാർ മേനക സുരേഷ് കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് സാധാരണ പ്രേക്ഷകരും അതുപോലെ നിരൂപകരും മികച്ച അഭിപ്രായങ്ങളാണ് നൽകുന്നത്. ഈ ചിത്രം പറയുന്ന പ്രമേയത്തിന്റെ ശക്തിയാണ് വാശിക്ക് മികച്ച പ്രേക്ഷക പിന്തുണ നേടിക്കൊടുക്കുന്നത്. മീ ടൂ ഉൾപ്പെടെയുള്ള വിഷയങ്ങൾ കടന്നു വരുന്ന ഈ ചിത്രത്തിൽ മുന്നോട്ടു വെക്കുന്ന വാദഗതികൾ വളരെ പ്രസക്തമാണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. കോടതി വ്യവഹാരങ്ങൾ നൽകുന്ന ത്രില്ലിങ്ങായ മുഹൂർത്തങ്ങൾക്കൊപ്പം തന്നെ കുടുംബ രംഗങ്ങൾക്കും ഈ ചിത്രത്തിൽ പ്രാധാന്യമുണ്ട്.
ടോവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ അവതരിപ്പിക്കുന്ന അഡ്വക്കേറ്റ് എബിൻ, അഡ്വക്കേറ്റ് മാധവി എന്നിവരുടെ വ്യക്തി ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളും വളരെ മനോഹരമായാണ് പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ചിരിക്കുന്നതു. വക്കീലന്മാരായ ഭാര്യയും ഭർത്താവും ഒരേ കേസിന്റെ വാദി ഭാഗത്തും പ്രതി ഭാഗത്തും വന്നു പോരാടുമ്പോഴുണ്ടാകുന്ന ഈഗോ ക്ലാഷുകളും, അത് അവരുടെ ജീവിതത്തെ, ചിന്തകളെ എങ്ങനെ ബാധിക്കുന്നു എന്നതുമാണ് ഈ ചിത്രം പറയുന്ന മറ്റൊരു കാര്യം. മികച്ച പ്രകടനം കൊണ്ട് ഈ കഥാപാത്രങ്ങളെ മനോഹരമാക്കിയിട്ടുണ്ട് ടോവിനോ- കീർത്തി ജോഡി. കൈലാസ് മേനോൻ ഗാനങ്ങളൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് മഹേഷ് നാരായണനാണ്.