മലയാളത്തിന്റെ സീനിയർ സംവിധായകരിലൊരാളായ വിനയൻ ഈ ഓണക്കാലത്ത് പ്രേക്ഷകരുടെ മുന്നിലെത്തിയത് തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രവുമായാണ്. പത്തൊൻപതാം നൂറ്റാണ്ടെന്ന ഈ ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമ പറഞ്ഞത് ആറാട്ടുപുഴ വേലായുധ പണിക്കരെന്ന യോദ്ധാവിന്റെ കഥയാണ്. യുവ താരം സിജു വിൽസൺ നായകനായി എത്തിയ ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രം ഓണം റിലീസുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവുമായി മാറി. വിനയന്റെ മേക്കിങ്ങിനും സിജു വിത്സന്റെ പ്രകടനത്തിനും വലിയ പ്രേക്ഷക- നിരൂപക പ്രശംസ ലഭിച്ചു. ഇപ്പോഴിതാ, ഈ ചിത്രം കണ്ടഭിനന്ദനവുമായി എത്തിയിരിക്കുന്നത് ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ വി എ ശ്രീകുമാർ മേനോനാണ്.
തന്റെ ഫേസ്ബുക് പേജിൽ അദ്ദേഹം കുറിച്ചത് ഇങ്ങനെ, “ഒറ്റപ്പാലം ലാഡർ തീയറ്ററിലാണ് ‘പത്തൊൻപതാം നൂറ്റാണ്ട്’ കണ്ടത്. ചരിത്രം ഓർമ്മിക്കപ്പെടാതെ പോകുന്നത് അവ ആവർത്തിക്കപ്പെടാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. രണ്ടു നൂറ്റാണ്ടുകൾക്കു മുൻപുള്ള കാലത്തെ സത്യസന്ധമായി പുനരാവിഷ്ക്കരിക്കുന്നത് വലിയ വെല്ലുവിളിയാണ്. ചരിത്രരേഖകൾ വളരെ കുറവായതിനാൽ തിരക്കഥ എഴുതിയ സംവിധായകൻ വിനയൻ ഭാവനയെ നീതിപൂർവ്വം വിനിയോഗിച്ചിട്ടുണ്ട്. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന പോരാളി എക്കാലത്തും ആവേശമാണ്. ജാതി- പുരുഷ മേലാളത്തം കൊണ്ടാടിയ ദുരാചാരങ്ങളെ ചിത്രം തുറന്നു കാണിക്കുന്നു. സ്ത്രീ മുന്നേറ്റങ്ങളിലെ ലോകോത്തര പ്രതീകമാണ് മുലക്കരത്തിന് എതിരെ രക്തസാക്ഷിയായ നങ്ങേലി. ആ ചരിത്രത്തിന്റെ ദൃശ്യാവിഷ്ക്കാരത്തിന് നടുക്കത്തോടെ മാത്രമേ സാക്ഷ്യം വഹിക്കാനാകു. വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കൽകൂടി കാണാനായതിൽ സന്തോഷം. ധീരമായി ഈ ചരിത്ര ദൗത്യം ഏറ്റെടുത്ത നിർമ്മാതാവ് ഗോകുലം ഗോപാലന് അഭിനന്ദനം. നായകൻ സിജു വിത്സൻ കഠിനാദ്ധ്വാനവും പ്രതിഭയും ഒന്നിപ്പിച്ചത് ഏറെ പ്രിയപ്പെട്ടതായി. പിന്നെ ഷാജിയുടെ ക്യാമറയടക്കമുള്ള അണിയറയിലെ ദൃശ്യ സന്നാഹം നൽകിയ അനുഭവം മറക്കാനാകില്ല- ഈ യുദ്ധം ടീം വിനയൻ ജയിച്ചു..”.