മലയാളത്തിലെ ഏറെ ആരാധകർ ഉള്ള യുവ താരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. 2011 ഇൽ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ഈ നടൻ പിന്നീട് മലയാളം, തമിഴ്, തെലുങ്കു ഭാഷകളിലെല്ലാം അഭിനയിച്ചു ശ്രദ്ധ നേടി. നായകനായും വില്ലനായും സഹനടനായുമെല്ലാം ശ്രദ്ധ നേടിയ ഉണ്ണി മുകുന്ദൻ ഇടക്കെങ്കിലും ഒരു സ്റ്റൈലിഷ് ഹീറോ എന്ന നിലയിലേക്ക് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയുണ്ടായി എന്നത് സത്യമാണ്. സൗന്ദര്യവും ശരീരവും ഏറ്റവും മികച്ച രീതിയിൽ സൂക്ഷിക്കാൻ ഉണ്ണി കാണിച്ച മിടുക്കും കൊണ്ടാവാം അത്തരം റോളുകൾ കൂടുതൽ ഈ നടനെ തേടിയെത്തിയത്. തനിക്കു ലഭിച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ ഈ നടൻ തൃപ്തികരമായി അഭിനയിച്ചു ഫലിപ്പിക്കുകയും ചെയ്തു. എന്നാൽ അതിനും മുകളിൽ ഒരു റേഞ്ച് ഈ നടന് ഉണ്ടെന്നത് പല ചിത്രങ്ങളിലേയും ചെറിയ ചെറിയ സീനുകളിലൂടെ അയാൾ കാണിച്ചു തന്നു കൊണ്ടിരുന്നു. എന്നാൽ ആ പ്രതിഭയെ ഉപയോഗിക്കാൻ ഒരുപാട് പേര് മുന്നോട്ടു വന്നില്ല എന്നതാണ് സത്യം. എന്നാലിപ്പോൾ തന്നിലെ നടനെ കൂടുതലായി തിരിച്ചറിഞ്ഞ ഉണ്ണി മുകുന്ദൻ എന്ന താരം, താൻ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലൂടെ തന്റെ പ്രതിഭയെ കൂടുതൽ തേച്ചു മിനുക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
കഴിഞ്ഞ വർഷം പുറത്തു വന്ന ഒരു ചിത്രമാണ് ഭ്രമം. പൃഥ്വിരാജ് നായകനായ ഈ ചിത്രത്തിൽ ഒരേ സമയം നെഗറ്റീവ് ഷേഡും തമാശയുടെ മേമ്പൊടിയും ചേർന്ന ദിനേശ് എന്ന പോലീസ് ഉദ്യോഗസ്ഥനെ ആണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത്. വളരെ മനോഹരമായാണ് ഉണ്ണി ഈ വേഷം ചെയ്തത്. ഒരു മാസ്സ് പോലീസ് ഓഫീസർ ആയും, എന്നാൽ വീട്ടിൽ ഭാര്യയെ പേടിക്കുന്ന ഒരു ഭർത്താവായും അതീവ രസകരമായാണ് ഈ നടൻ അഭിനയിച്ചത്. അത് കഴിഞ്ഞു റിലീസ് ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രമാണ് കഴിഞ്ഞ ദിവസം എത്തിയ മേപ്പടിയാൻ. വർക്ക് ഷോപ് മെക്കാനിക് ആയ ഒരു സാധാരണക്കാരനായ ജയകൃഷ്ണൻ എന്ന കഥാപാത്രമായാണ് ഉണ്ണി ഇതിൽ അഭിനയിച്ചത്. ഈ ചിത്രം സ്വയം നിർമ്മിച്ച ഉണ്ണി, ഈ കഥാപാത്രത്തിനായി തന്റെ രൂപത്തിൽ വരെ ഏറെ മാറ്റങ്ങൾ വരുത്തി. ഈ കഥാപാത്രത്തിന് പൂർണ്ണത കിട്ടാൻ ഇത് ചെയ്യുന്ന സമയത്തു മറ്റു ചിത്രങ്ങളൊന്നും ചെയ്യാതെ, ജയകൃഷ്ണനിൽ തന്നെ ശ്രദ്ധ കൊടുത്തു. അതിന്റെ ഫലമാണ് ഇപ്പോൾ ഈ കഥാപാത്രത്തിനും ഈ ചിത്രത്തിനും കിട്ടുന്ന കയ്യടി.
വളരെ സാധാരണക്കാരനായ ഒരാളെ പോലെ സങ്കടപ്പെടുന്ന, ഒരു ശരാശരി ചെറുപ്പക്കാരനെ പോലെ സന്തോഷിക്കുന്ന, പെരുമാറുന്ന, പ്രണയിക്കുന്ന, വേവലാതിപ്പെടുന്ന ജയകൃഷ്ണന്റെ ശരീര ഭാഷ മനോഹരമായാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത്. ഒരു ശരാശരി യുവാവിന്റെ എല്ലാ നിസ്സഹായാവസ്ഥയും ഉണ്ണി തന്റെ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചു. ഭ്രമത്തിലെ ദിനേശൻ എന്ന കഥാപാത്രത്തിൽ നിന്നും കാതങ്ങൾ ദൂരെ നിൽക്കുന്ന കഥാപാത്രമാണ് മേപ്പടിയാനിലെ ജയകൃഷ്ണൻ. ആ ദൂരം ഉൾക്കൊണ്ടുകൊണ്ട് തന്നെ ഈ രണ്ടു കഥാപാത്രങ്ങൾക്കും ഉണ്ണി മുകുന്ദൻ എന്ന നടൻ നൽകിയത് രണ്ടു വ്യത്യസ്ത ശരീര ഭാഷയാണ്, രണ്ടു വ്യത്യസ്ത ഭാവങ്ങളാണ്. അത് തന്നെയാണ് ഇപ്പോൾ തന്നിലെ നടനെ കണ്ടെത്തുന്ന, ആ നടന്റെ തിളക്കം കൂട്ടാൻ പരമാവധി ശ്രമിക്കുന്ന ഉണ്ണി മുകുന്ദൻ എന്ന കലാകാരന്റെ വിജയം.