കൊറോണ ഭീതി മൂലം സ്കൂളുകൾ തുറക്കാൻ വൈകിയതോടെ സർക്കാർ ഓണ്ലൈൻ ക്ലാസ്സുകൾ ആരംഭിച്ചിരുന്നു. എന്നാൽ വീട്ടിൽ ടിവിയോ സ്മാർട് ഫോണോ ഇല്ലാത്ത കുട്ടികൾ ഈ ക്ലാസ്സുകൾ കാണാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ഒരു സാഹചര്യം ഉടലെടുക്കുകയും ഒരു ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അതേ തുടർന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തു. ഈ സംഭവം സോഷ്യൽ മീഡിയയിൽ വളരെ വലിയ ചർച്ചയായി മാറുകയും പല പല സംഘടനകൾ നിർധനരായ കുട്ടികൾക്ക് ടി വി, സ്മാർട്ട് ഫോണുകൾ എന്നിവയെത്തിക്കാൻ ടി വി ചലഞ്ച്, സ്മാർട്ട്‌ഫോൺ ചലഞ്ച് എന്നിവയുമായി രംഗത്ത് വരികയും ചെയ്തു. മലയാള സിനിമാ താരങ്ങളും ഇതിനു പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ.
പ്രശസ്‌ത ദൃശ്യ- പത്ര മാധ്യമമായ മാതൃഭൂമി മുന്നോട്ടു വെച്ച സ്മാർട്ട്‌ഫോൺ ചലഞ്ചിലേക്ക് നടൻ ഉണ്ണി മുകുന്ദൻ 30 സ്മാർട്ട് ഫോണുകളാണ് നൽകിയിരിക്കുന്നത്. ഒട്ടേറെ കാരുണ്യ പ്രവർത്തികൾ ചെയ്യാൻ ശ്രമിക്കുന്ന ഉണ്ണി മുകുന്ദൻ ഈ കാര്യത്തിലും മാതൃകാപരമായ പ്രവർത്തിയാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. ഇതിനു മുൻപ് ഡി വൈ എഫ് ഐ മുന്നോട്ടു കൊണ്ടു വന്ന ടി വി ചലഞ്ചിലേക്ക് സിനിമാ താരങ്ങളായ മഞ്ജു വാര്യർ, ആഷിഖ് അബു, ബി ഉണ്ണികൃഷ്ണൻ, സുബീഷ് എന്നിവർ ടിവികൾ സംഭാവന ചെയ്തിരുന്നു. അതുപോലെ പ്രശസ്ത യുവ താരം ടോവിനോ തോമസും ഈ ചലഞ്ചിൽ പങ്കാളിയായി നിർധനരായ കുട്ടികൾക്ക് വേണ്ട സഹായവുമായി എത്തി. സിനിമാ താരങ്ങൾക്കൊപ്പം പ്രമുഖ രാഷ്ട്രീയ പ്രവർത്തകരും ബിസിനസ്സുകാരും സാമൂഹിക പ്രവർത്തകരുമടക്കം ഒട്ടേറെ പേർ ഈ ചലഞ്ചിന്റെ ഭാഗമായും അല്ലാതെ സ്വന്തം നിലയിലും ടിവി, സ്മാർട്ട്‌ഫോൺ എന്നിവ നൽകിക്കൊണ്ട് മുന്നോട്ടു വരുന്നുണ്ട്.