പ്രശസ്ത സംവിധായകൻ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ചാണക്യ തന്ത്രം. തിങ്കൾ മുതൽ വെള്ളിവരെ, ആട് പുലിയാട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം കണ്ണൻ താമരക്കുളം ഒരുക്കുന്ന ഈ ചിത്രത്തിൽ യുവ താരം ഉണ്ണി മുകുന്ദൻ ആണ് നായകൻ ആയി എത്തുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഉണ്ണി മുകുന്ദന്റെ മാസ്സ് ലുക്ക് ആണ് ഈ പോസ്റ്ററിന്റെ പ്രത്യേകത എന്ന് പറയാം. ഒരു റോയൽ എൻഫീൽഡിൽ ഇരിക്കുന്ന ഉണ്ണിയുടെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ഇതോടു കൂടി ആരാധകർ ഏറെ ആവേശത്തിൽ ആയിരിക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ഈ പോസ്റ്റർ വാനോളം ഉയർത്തിയിട്ടുണ്ട് എന്ന് പറയാം. ദിനേശ് പള്ളത്തു തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മിറാക്കിൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് ഫൈസൽ ആണ്. ഉള്ളാട്ടിൽ വിഷ്വൽ മീഡിയ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തിക്കുക.
പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാൻ റഹ്മാൻ ആണ്. കണ്ണൻ താമരക്കുളം ഒരുക്കിയ അച്ചായൻസ് എന്ന ചിത്രത്തിൽ ജയറാമിനൊപ്പം നായക തുല്യമായ ഒരു കഥാപാത്രത്തെ ഉണ്ണി മുകുന്ദനും അവതരിപ്പിച്ചിരുന്നു. ചാണക്യ തന്ത്രത്തിൽ ഉണ്ണി മുകുന്ദനൊപ്പം അനൂപ് മേനോനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് വാർത്തകൾ വരുന്നത്. ആക്ഷനും സസ്‌പെൻസും മിസ്റ്ററിയും നിറഞ്ഞ ഒരു ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്നണ് സൂചനകൾ വരുന്നത്. ശിവദയും ശ്രുതി രാമചന്ദ്രനുമാണ് ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആയിരിക്കും ഈ ചിത്രത്തിന്റെ പ്രത്യേകത. അതുപോലെ തന്നെ ഉണ്ണി ഈ ചിത്രത്തിൽ വിവിധ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടും എന്നും റിപ്പോർട്ടുകൾ ഉണ്ട്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ആയി പൂർത്തിയാവുന്ന ഈ ചിത്രത്തിൽ അല്പം നെഗറ്റീവ് ഷേഡ് ഉള്ള നായക കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നതെന്നാണ് സംവിധായകൻ പറയുന്നത്.