
അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള പ്രേക്ഷകരുടെ മുന്നിലെത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ഗംഭീര ട്രെയിലറും സൂപ്പർ ഹിറ്റ് ഗാനങ്ങളും ഉൾക്കൊണ്ട ചിത്രം വളരെ പ്രസക്തമായ ഒരു സാമൂഹിക വിഷയം കൂടി ചർച്ച ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ നേരിൽ കണ്ട ചിത്രത്തിലെ താരങ്ങൾ പറയുന്നതും അതേ കാര്യമാണ്. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന, ആവേശം കൊള്ളിക്കുന്ന ഈ ചിത്രം കേരളത്തിലെ യുവ ജനതയും ഓരോ മാതാപിതാക്കളും കണ്ടിരിക്കേണ്ട ചിത്രം കൂടിയാണെന്നും എത്ര മികച്ച ഒരു സന്ദേശമാണ് ചിത്രം സമൂഹത്തിന് മുന്നിലേക്ക് വെക്കുന്നതെന്ന് ചിത്രത്തിലെ താരങ്ങളായ രഞ്ജിത് സജീവ്, ജോണി ആൻ്റണി, സാരംഗി ശ്യാം എന്നിവർ പറഞ്ഞു.
ഒരു ബിസിനസ്സ് ആയല്ല ഈ ചിത്രം നിർമ്മിച്ചത് എന്നും, ഒരു നല്ല സിനിമ പ്രേക്ഷകർക്ക് നൽകുക എന്ന ആഗ്രഹം കൊണ്ടും കലയോടുള്ള സ്നേഹം കൊണ്ടുമാണ് ഇതൊരുക്കിയത് എന്ന് നിർമ്മാതാക്കളായ ആൻ സജീവ്, അലക്സ് എന്നിവരും പറയുന്നു. വളരെ സുരക്ഷിതമായ ഒരു പ്രമേയം നോക്കി പോകാതെ ഈ പ്രമേയം താര ബഹുല്യമില്ലാതെ ഒരുക്കിയത് ചിത്രത്തിൻ്റെ മെറിറ്റിൽ അത്രയധികം വിശ്വാസം ഉള്ളത് കൊണ്ടാണെന്ന് സംവിധായകൻ അരുൺ വൈഗയും കൂട്ടിച്ചേർത്തു.
രഞ്ജിത്ത് സജീവ്, ജോണി ആൻ്റണി, സാരംഗി എന്നിവർ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ ജയൻ, മനോജ് കെ യു, അൽഫോൺസ് പുത്രൻ, ഡോ. റോണി, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ, സംഗീതം രാജേഷ് മുരുകേശൻ, ഗാനരചന ശബരീഷ് വർമ്മ, എഡിറ്റർ അരുൺ വൈഗ.