മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ഈ വർഷം തന്റെ രണ്ടാമത്തെ ബോക്സ് ഓഫീസ് വിജയം സമ്മാനിച്ച് കൊണ്ട് ഖാലിദ് റഹ്മാൻ ചിത്രമായ ഉണ്ട മുന്നേറുന്നു. ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ ചിത്രമായ ഈ റിയലിസ്റ്റിക് ത്രില്ലെർ ഇതിന്റെ പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. മമ്മൂട്ടിയുടെ മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് ഈ ചിത്രത്തിൽ എസ് ഐ മണികണ്ഠൻ എന്ന കഥാപാത്രമായുള്ള അദ്ദേഹത്തിന്റെ അഭിനയത്തെ നിരൂപകരും പ്രേക്ഷകരും വിലയിരുത്തുന്നത്. സിനിമാ പ്രേമികളെ ആകർഷിച്ചു കൊണ്ട് മുന്നേറുന്ന ഈ ചിത്രം ഇപ്പോഴും ഹൗസ്ഫുൾ ഷോകൾ നേടിക്കൊണ്ട് ബോക്സ് ഓഫീസിലും മികച്ച വിജയം ആണ് നേടുന്നത്.
ഹർഷദ് രചന നിർവഹിച്ച ഈ ചിത്രം രണ്ടാം വാരത്തിലും ദിവസേന അറുന്നൂറോളം ഷോകൾ ആണ് കേരളത്തിൽ കളിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിന് പുറമെ ഗൾഫ് രാജ്യങ്ങളിലും ഉണ്ടക്കു മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. അവിടെ കഴിഞ്ഞ ബുധനാഴ്ച 176 ഷോകളോടെ എത്തിയ ചിത്രം രണ്ടാം ദിനം മുതൽ 450 ഇൽ അധികം ഷോകൾ നേടി പ്രദർശനം തുടരുകയാണ്.
മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ, ജമിനി സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകൻ, രഞ്ജിത്, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, റോണി, ലുക്മാൻ, ഭഗവൻ തിവാരി, ഈശ്വരി റാവു, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഓംകാർ ദാസ് മണിപ്പൂരി തുടങ്ങി ഒട്ടേറെ പേര് അഭിനയിച്ചിട്ടുണ്ട്.ആസിഫ് അലി, വിനയ് ഫോർട്ട് എന്നിവർ ഈ ചിത്രത്തിൽ അതിഥി വേഷത്തിലും എത്തിയിട്ടുണ്ട്.